എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക് സംവിധാനമൊരുക്കണമെന്നും കർഷക സംഘം എടപ്പാൾ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വള്ളത്തോൾ വിദ്യാപീഠം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കർഷക സംഘം ജില്ലാ പ്രസിഡൻ്റ്
പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷനായി. ടി രാമദാസ് രക്ത സാക്ഷി പ്രമേയവും കെ കുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ രാജഗോപാൽ പ്രവർത്തന റിപ്പോർട്ടും കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ നാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സംസ്ഥാന കമ്മിറ്റിയംഗം കെ ദേവിക്കുട്ടി, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം സുകുമാരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മുൻകാല കർഷക സംഘം നേതാക്കളെയും കർഷകരേയും ആദരിച്ചു.
സ്വാഗത സംഘം ചെയർമാൻ അഡ്വ. പി പി മോഹൻദാസ് സ്വാഗതം പറഞ്ഞു. 30 അംഗ ഏരിയ കമ്മിറ്റിയംഗങ്ങളെയും 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. സി രാമകൃഷ്ണൻ (പ്രസിഡൻ്റ് ) ഇ രാജഗോപാൽ (സെക്രട്ടറി) പി പി ബിജോയ് (ട്രഷറർ)
അഡ്വ. പി പി മോഹൻദാസ്, വി പി മധു (വൈസ് പ്രസിഡൻ്റ്) ടി രാമദാസ്, എം ജയശ്രീ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
