മാറഞ്ചേരി : നവീകരണത്തിനായി വർഷങ്ങൾക്ക് മുന്നേ പൊളിച്ചിട്ട മാറഞ്ചേരി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിച്ചു യുവാക്കൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി യാസ്സ് ക്ലബ് പ്രതിഷേധ ക്യാമ്പയിന് തുടക്കം കുറിച്ചു. ആദ്യ പടിയായി യാസ്സ് ക്ലബ്ബ് അംഗങ്ങൾ നിർമ്മാണം നിലച്ച സ്റ്റേഡിയത്തിനുള്ളിൽ ഇരുന്നു വിഡിയോ ഗെയിം കളിച്ചു പ്രതിഷേധിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് സേവ് മാറഞ്ചേരി സ്റ്റേഡിയം എന്ന ആഷ് ടാഗിൽ ഇറക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം ലക്ഷത്തിലധികം പേരാണ് കണ്ടത്. യുവാക്കൾക്ക് കളിക്കാനായി പ്രദേശത്ത് ആകെയുള്ള സ്റ്റേഡിയം നവീകരണത്തിനായി കായിക വകുപ്പ് 4 വർഷം മുൻപാണ് പൊളിച്ചിട്ടത്. കളിസ്ഥലങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളും യുവാക്കളും മൊബൈൽ ഗെയിമിങ്ങിൽ അടിമപ്പെട്ട് കിടക്കുന്ന സാഹചര്യമാണ് മാറഞ്ചേരി പ്രദേശത്ത് നിലവിലുള്ളതെന്നും കായിക പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കുട്ടികളും യുവാക്കളും ലഹരി മാഫിയ വലയങ്ങളിൽ പെടാൻ സാധ്യത വർദ്ധിക്കുകയാണെന്നും, അധികാരികൾ കണ്ണ് തുറന്ന് നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ പ്രദേശത്തെ മുഴുവൻ ക്ലബ്ബ്കളെയും ഉൾപ്പെടുത്തി കൂടുതൽ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും യാസ്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു..

