തിരുവോണത്തെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. ദിവസങ്ങളായി വിവിധ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തുടരുന്ന തിരക്ക് ഉത്രാടദിനത്തിൽ പാരമ്യത്തിലെത്തും.ഓണത്തിന് എത്രതന്നെ സാധനങ്ങൾ മുൻകൂറായി വാങ്ങിയാലും ഓണക്കോടി മുതൽ സദ്യവിഭവങ്ങൾ വരെ തേടി പലരും കുടുംബസമേതം ഉത്രാടദിനത്തിൽ വിപണിയിലേക്കിറങ്ങും. വസ്ത്രശാലകൾ, പച്ചക്കറി, പൂമാർക്കറ്റുകൾ എന്നിവയിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുക. നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലെ വ്യാപാരികളെല്ലാം അവസാനഘട്ട കച്ചവടം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബുധനാഴ്ചയാണ് തിരുവോണം. ചാല, കിഴക്കേക്കോട്ട, പഴവങ്ങാടി, എം.ജി.റോഡ് എന്നീ പ്രധാന സ്ഥലങ്ങളെല്ലാം തിരക്കിലമരും. ഇത്തവണ ചിങ്ങം ആദ്യ ദിനങ്ങളിൽ തന്നെയാണ് ഓണം വരുന്നത്.
ചിങ്ങം പിറക്കുംമുൻപ് തന്നെ അത്തം എത്തിയതും കൗതുകമായി. അത്തം തുടങ്ങി ആദ്യദിനങ്ങളിൽ മഴ കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ രീതിയിലുള്ള മഴപെയ്തിരുന്നു. എന്നാൽ ഇത് കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അതേ സമയം എല്ലാ വർഷത്തേയും പോലെ ഇത്തവണയും വിലക്കയറ്റത്തിന് കുറവുണ്ടായില്ല. പച്ചക്കറി കൾക്കും പഴങ്ങൾക്കുമെല്ലാം വൻ വിലക്കയറ്റമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങൾ ക്കുള്ളി ലുണ്ടായത്. ഉപ്പേരിക്കാവശ്യമായ നേന്ത്രപ്പഴത്തിനുൾപ്പെടെ വിലയിൽ വൻ വർധന വുണ്ടായി. ചാലയിൽ മിക്ക പച്ചക്കറി ഇനങ്ങളും പൂവും തമിഴ്‌നാട്ടിൽ നിന്നുതന്നെയാണ് വരുന്നത്. എന്നാൽ പൂവ് തമിഴ്‌നാട്ടിലെ തോവാളയിൽ നേരിട്ട് പോയി വാങ്ങുന്നവരുടെ എണ്ണവും വർധിച്ചുവരിക യാണെന്ന് വ്യാപാരികൾ പറയുന്നു. സമീപകാലത്തായി ഉത്രാടപ്പാച്ചിൽ മാളുകളിലേക്കാ ക്കുന്ന വരുടെ എണ്ണവും കൂടിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന മാളുകളിലും ഈ ദിവസങ്ങളിൽ കനത്ത തിരക്കാണ്. വഴിയോര കച്ചവടക്കാർക്കും മികച്ച കച്ചവടം നടക്കുന്ന ദിവസങ്ങളാണ് ഓണനാളുകൾ. പ്രത്യേകിച്ചും ഉത്രാടം. മിക്കയിടങ്ങളിലും കമ്മലുകൾ, മറ്റ് ഫാൻസി ഇനങ്ങൾ എന്നിവയുമായി അന്യസംസ്ഥാന കച്ചവടക്കാർ ദിവസങ്ങളായുണ്ട്. പച്ചക്കറി, പൂവ് എന്നിവ പ്രാദേശികമായി കൃഷിചെയ്ത കർഷകക്കൂട്ടങ്ങളുൾപ്പെടെയുള്ളവയും വിവിധയിടങ്ങളിൽ ഇവയുടെ വിപണനം നടത്തുന്നുണ്ട്. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ സർക്കാർ, സ്വകാര്യ ഓഫീസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഗംഭീരമായി ഓണാഘോഷം നടന്നിരുന്നു. മിക്കയിടത്തും ഒരേ ഡ്രസ് കോഡുമായിട്ടായിരുന്നു ആഘോഷങ്ങൾ. ഇത് വസ്ത്രവ്യാപാരികൾക്ക് നേട്ടമായി. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷങ്ങൾക്കും ഔദ്യോഗിക തുടക്കമായിട്ടുണ്ട്. നഗരം മുഴുവൻ ദീപാലങ്കാര പ്രഭയിലുമാണ്. ഉത്രാടപ്പാച്ചിലും തിരുവോണവും കഴിഞ്ഞ് ഓണം വാരാഘോഷങ്ങളിൽ പങ്കെടുക്കാനും ജനം ഒഴുകിയെത്തും.
കന്യാകുമാരി ഉൾപ്പെടെയുള്ള, സമീപ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും ഓണാഘോഷത്തിന്റെ ഭാഗമായി പലരും വിനോദയാത്ര നടത്താറുണ്ട്. എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയാലും ഉത്രാടപ്പാച്ചിൽ മലയാളിയെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത ഒന്നാണ്. കാലവും തലമുറകളും മാറിയാലും പുതിയ രീതിയിലും ഭാവത്തിലും അത് തുടരും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മറ്റൊരു ഓണക്കാലം പടിവാതിൽക്കലെത്തി നിൽക്കവേ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് നാടും നഗരവും.

