എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയുടെ ഭാഗമായി എടപ്പാൾ സി.എച്ച്.സിയിൽ ആരംഭിച്ച കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (CBIC) മൂന്നാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ഷാജി മേലഴിയം മുഖ്യാതിഥിയായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിബിഐസി വഴി നിരവധി പേർക്ക് സൗജന്യ തെറാപ്പി സേവനങ്ങൾ നൽകി.
പഞ്ചായത്തംഗം സന്ദീപ് വിജയൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി. പത്മജ, അബ്ദുൾ നാസർ, ഷീന മൈലാഞ്ചിപ്പറമ്പിൽ, ഫർഹാന, മുഹമ്മദ് ഹർഷൽ ഫജർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. മഞ്ജുഷ, എടപ്പാൾ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ സിൻസി എന്നിവർ സംസാരിച്ചു.

