പൊന്നാനി: നരണിപ്പുഴ കുമ്മിപ്പാലം കോൾ കൾട്ടിവേറ്റേഴ്സ് സഹകരണ സംഘത്തിന്റെ ജനറൽ ബോഡിയിൽ അംഗങ്ങളുടെ ചോദ്യങ്ങളോട് ഭരണസമിതി നിഷേധാത്മക സമീപനം സ്വീകരിച്ചതായി ആരോപിച്ച് നരണിപ്പുഴ കുമ്മിപ്പാലം കോൾ കർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു.
കണക്കുകൾ രേഖാമൂലം അച്ചടിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്യാത്തതും കഴിഞ്ഞ വർഷങ്ങളിലെ ബജറ്റ് കണക്കുകൾ യഥാസമയം അവതരിപ്പിച്ച് അംഗീകാരം വാങ്ങാത്തതും ഉൾപ്പെടെയുള്ള നടപടികളിലാണ് സമിതി പ്രതിഷേധം അറിയിച്ചത്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തുന്നതായും അംഗങ്ങളോട് ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതായും സമിതി ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘം ജനറൽ ബോഡി ബഹിഷ്കരിച്ച് സമാന്തര യോഗം ചേർന്നു. ഭരണസമിതിയുടെ നടപടികൾക്കെതിരെ സഹകരണ വകുപ്പ് അധികൃതർക്ക് പരാതി നൽകാനും തീരുമാനിച്ചു.
എരമംഗലം എ.എൽ.പി. സ്കൂളിൽ നടന്ന യോഗത്തിൽ ഡോ. പി. ശങ്കരനാരായണൻ അധ്യക്ഷനായി. ഉമ്മർ എരമംഗലം, ഹരിദാസൻ പന്തായിൽ, എ.ടി. ഗഫൂർ എന്നിവർ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

