തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിനം പൂർത്തിയാകുമ്പോൾ എടപ്പാൾ ഉപജില്ല കുതിപ്പ് തുടരുന്നു. 28 സ്വർണവും 25 വെള്ളിയും 11 വെങ്കലവുമടക്കം 229 പോയിന്റുമായാണ് എടപ്പാൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏഴ് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 65 പോയിന്റുമായി തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തും 59 പോയിന്റുമായി കിഴിശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
കടകശ്ശേരി ഐഡിയലിന്റെ കരുത്തിൽ മുന്നേറ്റം
എടപ്പാൾ ഉപജില്ലയുടെ കുതിപ്പിന് കരുത്തുപകരുന്നത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ആണ്. 26 സ്വർണവും 21 വെള്ളിയും 11 വെങ്കലവുമടക്കം 202 പോയിന്റുമായി സ്കൂൾ വിഭാഗത്തിൽ ഐഡിയൽ മുന്നിലാണ്.
ഏഴ് സ്വർണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 62 പോയിന്റുമായി ആലത്തിയൂർ കെ.എച്ച്.എം. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 28 പോയിന്റുമായി പൂക്കളത്തൂർ സി.എച്ച്.എം. എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്.
രണ്ടാംദിനം നാല് മീറ്റ് റെക്കോഡുകൾ
ഞായറാഴ്ച മത്സരങ്ങളിൽ നാല് മീറ്റ് റെക്കോഡുകൾ പിറന്നു. ജൂനിയർ, സീനിയർ പെൺകുട്ടികളുടെ 3,000 മീറ്റർ നടത്തത്തിലും ഡിസ്കസ് ത്രോയിലുമാണ് പുതിയ റെക്കോഡുകൾ പിറന്നത്.
എന്റെ പൊന്നാനി | കായിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

