ചങ്ങരംകുളം:* ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്താവൂർ–കാഞ്ഞിയൂർ തെരിയത്ത് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരുൾപ്പെടെ ദുരിതത്തിലാണെന്ന് നാട്ടുകാർ പറയുന്നു. കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റതായും പരാതിയുണ്ട്.
മുൻ എം.എൽ.എ പി. നന്ദകുമാർ നിർമാണോദ്ഘാടനം നടത്തിയ റോഡിന്റെ പ്രവൃത്തി മാസങ്ങൾ പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10ന് കാഞ്ഞിയൂർ സെന്ററിൽ പ്രതിഷേധ സംഗമം നടക്കും. തുടർന്ന് കാഞ്ഞിയൂർ സെന്ററിൽനിന്ന് പെരുമുക്കിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.
റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനും നിർമാണപ്രവൃത്തി വേഗത്തിൽ ആരംഭിക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

