Breaking
Thu. Oct 22nd, 2026

ജില്ലാ സ്കൂൾ കായികമേളയിൽ എടപ്പാളിന് കിരീടം; ഐഡിയൽ സ്കൂളിന്റെ റെക്കോഡ് കുതിപ്പ്.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന മലപ്പുറം ജില്ലാ സ്കൂൾ കായികമേളയിൽ എടപ്പാൾ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ട്രാക്കിലും ഫീൽഡിലുമായി 45 സ്വർണവും 42 വെള്ളിയും 22 വെങ്കലവും ഉൾപ്പെടെ 380 പോയിന്റാണ് എടപ്പാൾ നേടിയത്.

കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് വിദ്യാർഥികളുടെ മികച്ച പ്രകടനമാണ് എടപ്പാളിന്റെ കിരീടനേട്ടത്തിന് കരുത്തായത്.

ഉപജില്ലാ പോയിന്റ് നില

– 🥇 എടപ്പാൾ — 380 പോയിന്റ്
– 🥈 തിരൂർ — 105 പോയിന്റ്
– 🥉 അരീക്കോട് — 74 പോയിന്റ്

സ്കൂൾ വിഭാഗത്തിൽ ഐഡിയൽ ഒന്നാമത്

സ്കൂൾ വിഭാഗത്തിൽ 43 സ്വർണവും 36 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ 339 പോയിന്റുമായി കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. 102 പോയിന്റുമായി ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. 35 പോയിന്റുമായി മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസ് മൂന്നാമതായി.

അമൽചിത്രയ്ക്ക് റെക്കോഡ് നേട്ടം

ഐഡിയലിന്റെ ജൻ കെ.എസ്. അമൽചിത്ര പോൾ വോൾട്ടിൽ മൂന്ന് മീറ്റർ ചാടി റെക്കോഡ് തിരുത്തി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഡിസംബറിൽ നടക്കുന്ന ലോക സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്ക് അമൽചിത്ര തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ മീറ്റിൽ സ്വർണവും ദേശീയ മീറ്റിൽ വെള്ളിയും നേടിയിരുന്നു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹനീഫ മൂന്നിയൂർ ട്രോഫികൾ വിതരണം ചെയ്തു.

സംസ്ഥാന സ്കൂൾ കായികമേള 25ന് കോഴിക്കോട് ആരംഭിക്കും.

എന്റെ പൊന്നാനി | കായിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുക

Related Post

Leave a Reply

Your email address will not be published. Required fields are marked *