നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തില്‍ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.
നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റന്‍ മേഖലയിലും 200 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റന്‍ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകത്തില്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് കൂടുതല്‍ സഹായം എത്തിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതല്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഇന്ത്യയുടെ സഹായം നേപ്പാളില്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കരസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനത്തിന് അടക്കം നേപ്പാളിലെത്തും.

