Breaking
Sat. Sep 5th, 2026

സപ്ലൈകോ വഴി 35 രൂപാ നിരക്കില്‍ സവാള; ഹോര്‍ട്ടികോര്‍പ്പ്‌ മുഖേനെ വിതരണം, 100 ടണ്‍ സംഭരിച്ച്‌ വിപണിയിലെത്തിക്കും

സംസ്ഥാനത്ത് സവാള വില കുതിക്കുന്ന സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സർക്കാർ. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴി 100 ടണ്‍ സവാള സംഭരിച്ച്‌ വിപണിയിലെത്തിക്കും.ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓർഡർ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോ യുടെയും ഔട്ട്ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുന്ന തിനിടെയാണ് കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സവാള വിലയില്‍ വിപണിയെ അതിന്റെ വഴിക്ക് വിടില്ല. ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തും.കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയർന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുൻഗണന നല്‍കും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.

നാസിക്, കർണാടക ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്ത വ്യാപാരികളുടെ സംഭരണം, കർഷകരില്‍ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈല്‍ ഔട്ട്ലെറ്റുകളും വില്‍പ്പന യ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സംഭരണ സൗകര്യങ്ങള്‍ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച്‌ ആവശ്യമായ തുടർ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി ടി സിദ്ധിഖ് അറിയിച്ചു.

ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകള്‍ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയില്‍ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തില്‍ മന്ത്രി ടി സിദ്ദിഖിന്റെയും ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *