ഫറോക്ക്: ബേപ്പൂർ ഫിഷിങ് ഹാർബറിൽ ബോട്ടിലെ മത്സ്യം സൂക്ഷിക്കുന്ന അറയ്ക്കുള്ളിൽ ഇറങ്ങിയ അതിഥിത്തൊഴിലാളികൾ മരിക്കാനിടയായത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെത്തുടർന്നാകാമെന്ന് പ്രാഥമിക നിഗമനം.
എൻ.ഐ.ടി.യിലെ കെമിക്കൽ എൻജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ ബോട്ടിന്റെ അറയിൽ കാർബൺ മോണോക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ മരിച്ച തൊഴിലാളികളുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാനാകൂ.
ബോട്ടിലെ വിഷവാതകം നീക്കം ചെയ്യുന്നതിനായി വെള്ളിമാട്കുന്നിൽനിന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയിരുന്നു. എന്നാൽ ബോട്ടിന്റെ അറകളിൽ മത്സ്യം നിറഞ്ഞിരുന്നതിനാൽ ദൗത്യം വിജയിച്ചില്ല.
സംഭവത്തിൽ ബേപ്പൂർ സി.ഐ. ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

