Breaking
Tue. Oct 13th, 2026

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; മക്കൾക്ക് ഗുരുതര പരിക്ക്.

തിരൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാരമൂല സ്വദേശി പുല്ലയിൽ തസ്നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴോടെ പൂക്കയിൽ–ഉണ്യാൽ റോഡിലാണ് അപകടം. കൂട്ടായിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. തസ്നിയെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസിനടിയിൽ കുടുങ്ങിയ കുട്ടികളെ ബസിന്റെ മുൻഭാഗം ഉയർത്തിയാണ് പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

തസ്നിയുടെ ഭർത്താവ് ഹിഷാം. പിതാവ് ഇസ്മായിൽ, മാതാവ് റംല. മറ്റൊരു മകൾ ആയിഷ ഷെസിൻ. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഉണ്യാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *