*മലപ്പുറം:* വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി. വിഭാഗം സുന്നി സംഘടനകളെ സർക്കാർ അവഗണിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത്. യു.ഡി.എഫ് സർക്കാരിൽനിന്ന് അവഗണനയുണ്ടാകില്ലെന്ന് നേരത്തേ നൽകിയ ഉറപ്പ് ലംഘിച്ചെന്നാണ് സംഘടനയുടെ ആരോപണം.
ചുരുക്കം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സംഘടനകൾക്കുപോലും ബോർഡിൽ പ്രാതിനിധ്യം നൽകിയപ്പോൾ ഭൂരിപക്ഷത്തെ അകറ്റിനിർത്തിയെന്നും സുന്നി വിഭാഗത്തിന്റെ ആവശ്യങ്ങൾ തള്ളിയെന്നും കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനമോ മദ്രസ ക്ഷേമനിധി ബോർഡ് അംഗത്വമോ നൽകി പ്രതിഷേധം അവസാനിപ്പിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. വിഷയത്തിൽ ഇരുവിഭാഗം സമസ്തയും ഒറ്റക്കെട്ടാണെന്നും നേതാക്കൾ പറഞ്ഞു.
*22ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച്*
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 22ന് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വടശേരി ഹസൻ മുസ്ലിയാർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ പി.കെ. മുഹമ്മദ് ബഷീർ, കെ.പി. ജമാൽ കരുളായി എന്നിവർ അറിയിച്ചു.
*പരാതി ചർച്ചയിലൂടെ പരിഹരിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി*
അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി. വിഭാഗം സുന്നികൾക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയ സമിതികളിൽ വിവിധ മുസ്ലിം സംഘടനകൾക്ക് പരിഗണന നൽകാമെന്നാണ് കരുതിയിരുന്നതെന്നും നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. വിഭാഗത്തിൽനിന്നുള്ളയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. എ.പി. വിഭാഗത്തെ മനഃപൂർവം ഒഴിവാക്കിയതല്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

