തിരൂർ: അപൂർവ ദേശാടന പക്ഷികളുടെയും നീർപക്ഷികളുടെയും പ്രധാന ആവാസകേന്ദ്രമായ തിരുന്നാവായ പഞ്ചായത്തിലെ സൗത്ത് പല്ലാറിനെ സംസ്ഥാനത്തെ ആദ്യ നീർപക്ഷി ഗ്രാമമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകൻ രംഗത്ത്.
അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ സൽമാൻ കരിമ്പനക്കൽ ഈ ആവശ്യം ഉന്നയിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.
താമരക്കായൽ ഉൾപ്പെടെ ജലാശയങ്ങളാൽ ചുറ്റപ്പെട്ട സൗത്ത് പല്ലാർ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചേരാക്കൊക്കനുകൾ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഓരോ വർഷവും ഇവിടെ ഏകദേശം 500 കൂടുകൾ കാണപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചിന്നമുണ്ടി, പെരുമുണ്ടി, ചെമ്പൻ അരിവാൾക്കൊക്കൻ, വെള്ള അരിവാൾക്കൊക്കൻ, ചേരാക്കോഴി, നീലക്കോഴി, താമരക്കോഴി, വർണക്കൊക്ക്, ചൂളമടി എരണ്ട തുടങ്ങി നിരവധി അപൂർവ പക്ഷികളും ഇവിടെ എത്തുന്നുണ്ട്. ഹെറോണുകളും സ്റ്റോർക്കുകളും ഉൾപ്പെടെ വിവിധയിനം നീർപക്ഷികൾ ഒരേ പ്രദേശത്ത് കൂടുവയ്ക്കുന്നതും സൗത്ത് പല്ലാറിന്റെ പ്രത്യേകതയാണ്.
ആവാസവ്യവസ്ഥ സംരക്ഷിക്കണം
പക്ഷികളുടെ പ്രധാന താവളങ്ങളായ കൈതക്കാടുകൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വെട്ടിനശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തോട് വികസനമുൾപ്പെടെയുള്ള പദ്ധതികൾ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കില്ലെന്ന് ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പക്ഷികളുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി സർക്കാർ വിലകൊടുത്ത് ഏറ്റെടുത്ത് സംരക്ഷിത മേഖലയായി നിലനിർത്തണമെന്നും സൽമാൻ കരിമ്പനക്കൽ ആവശ്യപ്പെട്ടു.
സൗത്ത് പല്ലാറിനെ നീർപക്ഷി ഗ്രാമമായി പ്രഖ്യാപിക്കുന്നത് പ്രദേശത്തെ ജൈവവൈവിധ്യ സംരക്ഷണത്തിന് സഹായകമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകന്റെ നിലപാട്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

