Breaking
Thu. Oct 22nd, 2026

ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ; തുഞ്ചൻപറമ്പിൽ ഹരിശ്രീ കുറിച്ചത് 2,243 കുട്ടികൾ.

തിരൂർ: അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ അക്ഷരലോകത്തേക്ക് ചുവടുവച്ചു. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മഭൂമിയായ തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭച്ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. തുഞ്ചൻ സ്മാരകത്തിലെ കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി 2,243 കുട്ടികളാണ് ഹരിശ്രീ കുറിച്ചത്.

പുലർച്ചെ 4.30 മുതൽ കുട്ടികളുമായി രക്ഷിതാക്കൾ തുഞ്ചൻപറമ്പിലേക്ക് എത്തിത്തുടങ്ങി. രാവിലെ അഞ്ചോടെയാണ് എഴുത്തിനിരുത്തൽ ആരംഭിച്ചത്.

കൃഷ്ണശിലാമണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരായ മുരളീധരൻ വഴുതക്കാട്, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു.

സരസ്വതി മണ്ഡപത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, ടി.ഡി. രാമകൃഷ്ണൻ, ഡോ. അനിൽ വള്ളത്തോൾ, കെ.പി. രാമനുണ്ണി, കെ.എസ്. വെങ്കിടാചലം തുടങ്ങി പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുകൊടുത്തു.

തിരക്കേറിയ തുഞ്ചൻപറമ്പ്

തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ, അംഗം പി. കൃഷ്ണൻകുട്ടി, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റർ ഡോ. കെ. ശ്രീകുമാർ, സൂപ്രണ്ട് എം.എം. രവീന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

രാവിലെ മുതൽ പൂങ്ങോട്ടുകുളം മുതൽ തുഞ്ചൻ സ്മാരകം വരെയുള്ള ഭാഗത്ത് വലിയ തിരക്കനുഭവപ്പെട്ടു. ഗതാഗതം സ്തംഭിച്ചെങ്കിലും മഴ മാറിനിന്നതോടെ വിദ്യാരംഭച്ചടങ്ങുകൾക്കുശേഷവും സന്ദർശകരുടെ ഒഴുക്ക് തുടർന്നു.

കുരുന്നുകളുടെ ആദ്യാക്ഷരങ്ങൾക്കൊപ്പം അറിവിന്റെയും സംസ്കാരത്തിന്റെയും ഉത്സവമായി മാറി തുഞ്ചൻപറമ്പിലെ വിദ്യാരംഭം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *