തിരൂർ: പറവണ്ണയിൽ ബസ് തടഞ്ഞുനിർത്തി കുരുമുളക് സ്പ്രേ ഉപയോഗിച്ച് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പറവണ്ണ ഉണ്ണിയപ്പന്റെപുരയ്ക്കൽ റിൻഷാദ് (23) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ 19ന് തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന ബിഗ് ബോസ് ബസിലായിരുന്നു സംഭവം. ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മദ്യലഹരിയിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ, ഗതാഗതക്കുരുക്കിൽ ബസ് നിർത്തിയ സമയത്ത് അകത്തുകയറി ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ബസിലുണ്ടായിരുന്ന പ്രായമായ സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കും ഉൾപ്പെടെ മുഖത്ത് പരിക്കേറ്റിരുന്നു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശി കോലോപ്പറമ്പത്ത് മുഹമ്മദ് ഹർഷി (28)നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

