അവസാന തീയതി അടുത്തെത്താറായിട്ടും ഇത്തവണ ആദായ നികുതി റിട്ടേൺ നൽകിയവർ കുറവാണ്. ശമ്പള വരുമാനക്കാർ ഉൾപ്പെടെയുള്ള ഭൂരിഭാഗം പേർക്കും റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. ഫോമുകൾ നേരത്തെതന്നെ ലഭ്യമാക്കിയതിനാൽ കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും പിഴയില്ലാതെ റിട്ടേൺ നൽകാനും നേരത്തെതന്നെ ഫയൽ ചെയ്യുന്നതാകും ഉചിതം.
| ITR-1, ITR-2 ഫയലിങ്
(നിലവിൽ) |
64 ലക്ഷം |
| കഴിഞ്ഞ വർഷം
ഇതേ സമയം |
2
കോടിയിലധികം |
| കുറവ് | 68% |
| ആകെ രജിസ്റ്റർ ചെയ്ത
ഉപയോക്താക്കൾ |
139.3 കോടി |
| ഇതുവരെ സമർപ്പിച്ച ആകെ റിട്ടേണുകൾ | 1.44 കോടി |
| വെരിഫൈ ചെയ്ത റിട്ടേണുകൾ | 1.37 കോടി |
കഴിഞ്ഞ വർഷം അവസാന തീയതിക്ക് ഒരു മാസം മുമ്പ് 42 ശതമാനം പൂർത്തിയായിരുന്നുവെങ്കിൽ ഈ വർഷം 13% മാത്രമാണ്.
വൈകുന്നതിനുള്ള കാരണങ്ങൾ
കഴിഞ്ഞവർഷം ഐടിആർ സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർവരെ നീട്ടിയിരുന്നു. സമാനമായ രീതിയിൽ ഇത്തവണയും സമയം ലഭിക്കുമെന്ന് പല നികുതിദായകരും വിശ്വസിക്കുന്നു.
എന്തുകൊണ്ട് നീട്ടാൻ സാധ്യതയില്ല?
ഐടിആർ 1, ഐടിആർ 2 ഫോമുകൾ മുൻകൂട്ടി തന്നെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. നേരത്തെ ഫയലിങ് നേടത്താൻ ഇത് സഹായകമായി.
വ്യത്യസ്ത തീയതികൾ: ബിസിനസ് വരുമാനമുള്ളവർക്കായി (ITR3, ITR4) ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫോമുകൾ പുതുക്കേണ്ടി വന്നതിനാലാണ് ഇവർക്ക് കൂടുതൽ സമയം നൽകിയത്.
ക്രമീകരിച്ച സമയക്രമം: ഫോമുകൾ വൈകിയതുൾപ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ടുള്ളതാണ് നിലവിലെ സമയക്രമം. അതിനാൽ ഇനിയൊരു നീട്ടൽ അനാവശ്യമാണെന്ന് നികുതി വകുപ്പ് കരുതുന്നു.
അവസാന നിമിഷം ഫയൽ ചെയ്താൽ:
- നികുതിദായകരിൽ ഭൂരിഭാഗം പേരും അവസാന നിമിഷം ഫയൽ ചെയ്യാൻ ശ്രമിക്കുന്നത് ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
- ധൃതിപ്പെട്ട് ഫയൽ ചെയ്യുമ്പോൾ അർഹമായ പല ആനുകൂല്യങ്ങളും അവകാശപ്പെടാൻ വിട്ടുപോയേക്കാം.
- കൃത്യമായ കണക്കുകൂട്ടലുകൾ ഇല്ലാത്ത പക്ഷം ലഭിക്കേണ്ട റീഫണ്ട് തുക കുറയാൻ സാധ്യതയുണ്ട്.
- പോർട്ടലിലെ സാങ്കേതികത്തടസ്സം കാരണം യഥാസമയം റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
കാലാവധി കഴിഞ്ഞാൽ പിഴ
ജൂലൈ 31-നകം റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ ‘വൈകിയുള്ള റിട്ടേൺ’ (Belated Return) സമർപ്പിക്കാൻ സാധിക്കുമെങ്കിലും പിഴ നൽകേണ്ടി വരും.
- സാധാരണ പിഴ: 5,000 രൂപ വരെ ലേറ്റ് ഫീ ഈടാക്കാം.
- നികുതി വിധേയമായ വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയാകും പിഴ.
- റീഫണ്ട് ലഭിക്കുന്നതിന് ഇ-വെരിഫിക്കേഷൻ നിർബന്ധമാണ്. ഇത് കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ വലിയ തുക റീഫണ്ട് ലഭിക്കാനുള്ള അർഹത ഇല്ലാതായേക്കാം.

