തിരൂർ :കടലിനെ സ്നേഹിക്കുന്ന വിനോദസഞ്ചാരികളുടെ പറുദീസയായ പടിഞ്ഞാറേക്കരയുടെ സൗന്ദര്യംകൂട്ടി സൂര്യാസ്തമയ ബീച്ച് റെഡി. കടലിലേക്കു നീണ്ടുകിടക്കുന്ന പുലിമുട്ടിലാണിത് തയാറാക്കിയിരിക്കുന്നത്. 400 മീറ്റർ നീളമുള്ള നടപ്പാത ഒരുക്കിയിട്ടുണ്ട്. ടൈലുകൾ വിരിച്ചു മനോഹരമാക്കിയ ഇവിടെ ഇരിപ്പിടങ്ങളും ഫുഡ് കിയോസ്ക്കുകളുമുണ്ട്. ബീച്ചിലെത്തുന്നവർക്കു വിശാലമായ പാർക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ രണ്ടു കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ ജില്ലാ നിർമിതി കേന്ദ്രമാണ് നിർമിച്ചത്.
കടലിലേക്കുള്ള പുലിമുട്ടിന്റെ നീളം ഹാർബർ വകുപ്പ് വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ പണി പൂർത്തിയായ സൂര്യാസ്തമയ ബീച്ചിൽനിന്ന് 400 മീറ്ററോളമാണ് കടലിലേക്കു വീണ്ടും പുലിമുട്ട് കെട്ടിയിരിക്കുന്നത്. രാത്രി 9 വരെ ഇവിടെ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഭാരതപ്പുഴയും തിരൂർ പുഴയും അറബിക്കടലിൽ സംഗമിക്കുന്ന ഇടമാണിത്. കടലിൽ പോയിവരുന്ന മത്സ്യബന്ധന ബോട്ടുകളും ഇവിടെയിരുന്നാൽ കാണാം.നാളെ വൈകിട്ട് 3ന് പടിഞ്ഞാറേക്കരയിലെ ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ് സൂര്യാസ്തമയ ബീച്ച് ഉദ്ഘാടനം ചെയ്യും. എം.പി.അബ്ദുസ്സമദ് സമദാനി എംപി, വി.എസ്.ജോയ് എംഎൽഎ, കലക്ടർ വിനോദ് ഗോയൽ എന്നിവർ പങ്കെടുക്കും. പദ്ധതി യാഥാർഥ്യമായതോടെ ടൂറിസം ബീച്ചിലേക്കു കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

