പൊന്നാനി:ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്ത ചടങ്ങ് കരുതലിന്റെയും സ്നേഹത്തിന്റെയും മനുഷ്യനെ മനുഷ്യനായി ചേർത്തുപിടിക്കുന്ന അപൂർവ നിമിഷങ്ങളുടെയും വേദിയായി മാറി.പുതുതായി ചുമതലയേറ്റ നഗരസഭ ഭരണസമിതി 2025 ഡിസംബർ 25ന് ആർ.വി. ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത 80 പേരാണ് സഹായ ഉപകരണങ്ങൾക്കായി കാത്തിരുന്നത്. പരിശോധനയിൽ ആവശ്യമായതായി കണ്ടെത്തിയ വിവിധ സഹായ ഉപകരണങ്ങളാണ് നിളയോരത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്.
നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ ഭാഗമായി അലിംകോയുടെ സഹകരണത്തോടെയായിരുന്നു വിതരണം. വീൽചെയർ, ഹിയറിംഗ് എയ്ഡ്, വാക്കിങ് സ്റ്റിക്, പഠനസഹായികൾ തുടങ്ങി ഏകദേശം 75 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്തത്.പത്ത് വർഷം മുമ്പ് ചമ്രവട്ടം ജംഗ്ഷനിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നോവ കാർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായ ഷാജി പുതിയ സഹായ ഉപകരണം ഉപയോഗിച്ച് വീണ്ടും നടന്നുനീങ്ങിയപ്പോൾ അത് ചടങ്ങിലെ ഏറ്റവും സന്തോഷകരമായ കാഴ്ചയായി.അയിലക്കാട് എ.എം.എൽ.പി. സ്കൂളിലെ വിദ്യാർഥിനിയായ ഫാത്തിമ അസ്നയ്ക്കും സഹായ ഉപകരണം ലഭിച്ചു. നാല് വയസ്സ് പിന്നിട്ടിട്ടും നടക്കാൻ പ്രയാസം നേരിട്ടിരുന്ന ഫാത്തിമ അസ്ന ഉപകരണം ലഭിച്ചതിന് പിന്നാലെ നടന്നുകാണിച്ചപ്പോൾ ആ കാഴ്ചയ്ക്കും ചടങ്ങ് സാക്ഷിയായി.
ഫാത്തിമ അസ്നയ്ക്ക് പഠനകിറ്റും വിതരണം ചെയ്തു.
ഇത്തരത്തിൽ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങിയ ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞ സന്തോഷത്തിനും പ്രതീക്ഷയ്ക്കുമാണ് നിളയോരത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ വേദിയായത്.
വിതരണോദ്ഘാടനം ചെയർപേഴ്സൺ സി.വി. സുധ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റീന പ്രകാശൻ, ഷനൽകുമാർ, ഡോ. രാഹുൽ, കൗൺസിലർമാരായ പി. ഷംസുദ്ദീൻ, ശാന്ത ശിവദാസൻ, അമീൻ, ലിൻസി പ്രസാദ്, മുത്തലിബ്, സി.ഡി.എസ്. പ്രസിഡന്റ് ധന്യ എന്നിവർ ആശംസകൾ നേർന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന സ്വാഗതവും വയോമിത്രം കോ-ഓർഡിനേറ്റർ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും ദൈനംദിന ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനായുള്ള വിവിധ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.എൽ എസ് ബെൽറ്റ് ,മുട്ടിന് പിന്തുണ നൽകുന്ന ബെൽറ്റ്, വീൽചെയർ, CP ചെയർ, എൽബോ ക്രച്ചസ്, വാക്കർ, വിവിധതരം വാക്കിംഗ് സ്റ്റിക്കുകൾ, കൃത്രിമ കാലുകളും ഷൂസുകളും, റൊളേറ്റർ, കമ്മോഡ് ചെയർ, ഹിയറിംഗ് എയ്ഡ് എന്നിവയാണ് വിതരണം ചെയ്തത്. കൂടാതെ ബൗദ്ധിക വൈകല്യമുള്ളവർക്ക് അവരുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ TLM കിറ്റുകളും നൽകി
