ചങ്ങരംകുളം: മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. വൈകിട്ട് 4.30ന് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാൻ ബേബി ശങ്കർ അധ്യക്ഷനാകും.
യുവ സംഗീതജ്ഞൻ ആദിത്യ ദേവിന്റെ സംഗീതക്കച്ചേരി, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത് തുടങ്ങിയ പരിപാടികൾ അരങ്ങേറും. മഹാനവമി ദിനത്തിൽ രാവിലെ 7.30ന് പഞ്ചരത്ന കീർത്തനാലാപനവും 11.30ന് നവാവരണ കീർത്തനാലാപനവും നടക്കും.
വിജയദശമി ദിനത്തിൽ രാവിലെ 6.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തും. 11 ദിവസങ്ങളിലായി നിരവധി കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. എല്ലാ ദിവസവും പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

