പൊന്നാനി : ബിയ്യം കായലിൽ വള്ളംകളിയുടെ ആവേശം അലയടിച്ചുതുടങ്ങി. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങിയതോടെയാണ് ബിയ്യം കായലിൽ ആവേശം ഓളംവെട്ടാൻ തുടങ്ങിയത്. ഇത്തവണ മൂന്നു വള്ളംകളിക്കാണ് പൊന്നാനി സാക്ഷ്യംവഹിക്കുക. രാവിലെയും വൈകീട്ടുമാണ് പരിശീലനം. ആലപ്പുഴയിൽനിന്നും മറ്റും തുഴച്ചിൽ വിദഗ്ധരെ എത്തിച്ചാണ് പരിശീലനം. മേജർ, മൈനർ വിഭാഗങ്ങളിലായി ഇത്തവണ ഇരുപത്തിമൂന്ന് വള്ളങ്ങൾ മത്സരിക്കുമെന്നാണ് സൂചന.
ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ബിയ്യം കായലിലെ വള്ളംകളിക്കുപുറമേ രണ്ട് വള്ളംകളികൂടി പൊന്നാനിയിൽ നടക്കുമെന്നാണറിയുന്നത്. സെപ്റ്റംബർ ആറിനാണ് ആദ്യ വള്ളംകളി. ഒൻപതിന് കടവനാട് വള്ളംകളിയും 13-ന് ബോട്ട് റൈസിങ് ക്ലബുകളുടെ നേതൃത്വത്തിലുള്ള വള്ളംകളിയും ബിയ്യം കായലിൽ നടക്കും.
ലക്ഷങ്ങൾ ചെലവിട്ടാണ് ഓരോ ക്ലബുകളും വള്ളംകളിയിൽ മത്സരിക്കുന്നത്. എന്നാൽ തുച്ഛമായ സമ്മാനത്തുക മാത്രമാണ് ലഭിക്കുന്നതെന്ന നിരാശയും തുഴച്ചിൽകാർക്കുണ്ട്. വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മത്സരമാണെങ്കിലും നാട്ടുകാരുടെ ആവേശം കണക്കിലെടുത്താണ് ക്ലബുകൾ ഓരോ വർഷവും വള്ളംകളി മത്സരത്തിനായി തുഴയെറിയുന്നത്.