Breaking
Thu. Jul 2nd, 2026

പൊന്നാനി : ഓണാഘോഷ തിമിർപ്പിലേക്ക് തീരദേശം. ഡിടിപിസിയും തദ്ദേശ സ്ഥാപനങ്ങളും ക്ലബ്ബുകളും ഒരുമിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഉത്സവാന്തരീക്ഷം തീർക്കുന്ന വള്ളംകളി 6ന് ബിയ്യം കായലിൽ നടക്കും. ആഴ്ചകളായി ബിയ്യം കായലിൽ വള്ളംകളി ടീമുകൾ പരിശീലനം നടത്തി വരികയാണ്. ജില്ലയിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊന്നാനിയിലെ വള്ളം കളി.

പതിറ്റാണ്ടുകളായി തുടരുന്ന ആഘോഷം ഹൃദയത്തോടു ചേർക്കുന്ന പതിനായിരക്കണക്കിന് ആസ്വാദകരുണ്ട്. നെഞ്ചിടിപ്പ് കൂട്ടുന്ന മത്സര ആവേശം കാണാൻ ബിയ്യം കായലിന്റെ ഇരുകരകളും തിങ്ങി നിറയും. ജൂനിയർ, സീനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായാണ് പ്രധാനമായും മത്സരങ്ങൾ നടത്തിയിരുന്നത്. ഇത്തവണയും ആഘോഷക്കമ്മിറ്റി വിപുലമായ തയാറെടുപ്പിലാണ്.  മന്ത്രി വി.അബ്ദുറഹ്മാൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. അബ്ദു സമദ് സമദാനി എംപി, എംഎൽഎമാരായ പി.നന്ദകുമാർ, കെ.ടി.ജലീൽ എന്നിവർ പങ്കെടുക്കും.

ഇന്നത്തെ ആഘോഷങ്ങൾ
വൈകിട്ട് 3ന് ക്രോസ് കൺട്രി മത്സരം നടക്കും. (എടപ്പാൾ ചുങ്കം മുതൽ കുണ്ടുകടവ് ജംക്‌ഷൻ വരെ). നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പൊന്നാനി എവി ഹൈസ്കൂളിൽ ആഘോഷങ്ങ ളുണ്ടാകും. പൂക്കള മത്സരം, ചിത്രരചന, ജലച്ചായം, തിരുവാതിരക്കളി, ഓണപ്പാട്ട്, കവിത പാരായണം, വിവിധ ഇനം മത്സരങ്ങൾ എന്നിവ നടക്കും. 5ന് പോത്തന്നൂർ ജിയുപി സ്കൂളിൽ പൂക്കള മത്സരം, ഓണക്കഥ, പെനൽറ്റി ഷൂട്ടൗട്ട്, താറാവ് പിടുത്ത മത്സരം എന്നിവ നടക്കും. വൈകിട്ട് 3ന് ബിയ്യം കായലിൽ പ്രദർശന നീന്തൽ പരിപാടി നടക്കും. 6ന് രാവിലെ എടപ്പാൾ തറയ്ക്കൽ നീന്തൽ കുളത്തിൽ നീന്തൽ മത്സരം നടക്കും. ഉച്ചയ്ക്ക് 2ന് വള്ളം കളി മത്സരം നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *