Breaking
Fri. Jul 10th, 2026

എടപ്പാൾ : അനുദിനം വികസിച്ച് ജില്ലയിലെത്തന്നെ പ്രധാന ടൗണുകളിലൊന്നായിട്ടും എടപ്പാൾ ടൗൺ ഇപ്പോഴും പഴയകാല പരാധീനതകളുമായിത്തന്നെ തുടരുന്നു. തൊട്ടടുത്ത ചെറു പട്ടണങ്ങ ളായ നടുവട്ടവും വട്ടംകുളവുമെല്ലാം ലക്ഷങ്ങൾ ചെലവഴിച്ച് സൗന്ദര്യവത്കരിച്ചെങ്കിലും എടപ്പാളിന്റെ സൗന്ദര്യം വർധിപ്പിക്കാനും ഉള്ള സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗിക്കാ നുമുള്ള സമഗ്രമായ ഒരുപദ്ധതി ഇനിയും വന്നില്ല. കോടികൾ ചെലവഴിച്ച് മേല്പാലം പണിതതാണ് അടുത്ത കാലത്തായി എടപ്പാളിൽനടന്ന പ്രധാന വികസനം. ദീർഘദൂരയാത്രക്കാർക്ക് സൗകര്യ മായി എന്നല്ലാതെ എടപ്പാൾ ടൗണിനും അതിനെ ആശ്രയിക്കുന്ന ജനങ്ങൾക്കും വാഹനങ്ങൾക്കും വ്യാപാരികൾക്കും അതുകൊണ്ടുണ്ടായത് നഷ്ടം മാത്രമാണ്. ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറഞ്ഞതുമാത്രമാണ് ചെറിയ ആശ്വാസം.

ടൗണെന്ന കാഴ്ചപ്പാട് മാറി:എടപ്പാൾ ഇന്ന് പഴയ ടൗണല്ല. സംസ്ഥാനപാതയിൽ കുറ്റിപ്പുറം റോഡിൽ അണ്ണക്കമ്പാട് മുതൽ ടൗൺ ആരംഭിക്കുന്നുണ്ട്. നടുവട്ടം കണ്ണഞ്ചിറ വരെ അത് നീളുന്നു. പാലക്കാട്-പൊന്നാനി റോഡിലാണെങ്കിൽ ശുകപുരം സഫാരി മൈതാനം മുതലെങ്കിലും ടൗണാണ്. പൊന്നാനി റോഡിൽ അംശക്കച്ചേരി അങ്ങാടി വരെയും. ഇത്രയും വിശാലമായ ഭാഗങ്ങൾ മുന്നിൽക്കണ്ട് വിശദമായ ഒരു സൗന്ദര്യ-വികസനപദ്ധതി ആവിഷ്കരിക്കണമെന്നതാണ് നിലവിലെ ആവശ്യം. ഈ ഭാഗങ്ങളിലെല്ലാം മനോഹരമായ നടപ്പാതകളും കൈവരികളും സ്ഥാപിക്കണം. പറ്റാവുന്നിടങ്ങളിലെല്ലാം പൂച്ചെടികൾ നട്ടും ജനങ്ങൾക്ക് വിശ്രമിക്കാനുമുള്ള സൗകര്യങ്ങളുമൊരുക്കാം.

ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലും വിശാലമായ പൊതുസ്ഥലമുണ്ട്. ഇവ കുരുക്കുകട്ടവിരിച്ച് ജനങ്ങൾക്കും വാഹനങ്ങൾക്കും ഉപയോഗിക്കാനാവുംവിധമാക്കണം. സ്വകാര്യ പങ്കാളിത്തവും ഇതിനായി വിനിയോഗിക്കാം. ലക്ഷങ്ങളും കോടികളും ചെലവഴിച്ചാണ് പല വ്യാപാരസമുച്ചയങ്ങളും ഇവിടങ്ങളിൽ നിർമിക്കുന്നത്. അവരുടെ വ്യാപാരസ്ഥാപനത്തിന് മുൻപിലെ സ്ഥലംകൂടി വൃത്തിയുള്ളതാക്കാൻ നിർദ്ദേശിക്കുകയും അനുവാദം നൽകുകയും ചെയ്താൽ ആർക്കും അതിന് തടസ്സമുണ്ടാകില്ല. മണ്ണുപുരണ്ട ഭാഗം കിടക്കുമ്പോഴാണ് ചെളി നിറയുന്നതും ടൗൺ വൃത്തിഹീനമാകുന്നതും കാനകളിൽ മണ്ണടിയുന്നതും. അത് നന്നാക്കിയാൽ അവർക്കും പാർക്കിങ് സൗകര്യം കൂടും.

Related Post

Leave a Reply

Your email address will not be published. Required fields are marked *