Breaking
Tue. Sep 8th, 2026

38,000 രൂപയുടെ ഐ.ടി ജോലി ഉപേക്ഷിച്ച് റോഡരികിൽ ചായക്കട; മാസ വരുമാനം ഒരു ലക്ഷത്തിന് മുകളിൽ

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലുമൊക്കെ തുടങ്ങണം… കോർപ്പറേറ്റ് ലോകത്തെ തിരക്കുകളിൽപ്പെട്ട് മടുക്കുമ്പോൾ ഭൂരിഭാഗം ആളുകളും മനസ്സിലെങ്കിലും കൊതിക്കുന്ന ഒന്നാണിത്. എന്നാൽ, മാസം തികയുമ്പോൾ അക്കൗണ്ടിലെത്തുന്ന സ്ഥിരവരുമാനവും സുരക്ഷിതത്വവും ഉപേക്ഷിച്ച് അത്തരമൊരു വൻ റിസ്കെടുക്കാൻ എത്രപേർ തയാറാകും? അവിടെയാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഒരു യുവാവ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. 38,000 രൂപയുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റോഡരികിൽ ഒരു ചായക്കട തുടങ്ങി മാസവരുമാനം മുൻപത്തേതിന്റെ മൂന്നിരട്ടിയാക്കി മാറ്റിയിരിക്കുകയാണ് ഇദ്ദേഹം.

അങ്കിത് പാണ്ഡെ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച തന്റെ അയൽക്കാരന്റെ ഈ വിജയഗാഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ വർഷം മേയ് മാസം വരെ ‘ടെലിപെർഫോമൻസ്’ എന്ന കമ്പനിയിൽ പ്രതിമാസം 38,000 രൂപ ശമ്പളത്തിൽ 9-ടു-5 ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്. എന്നാൽ വർധിച്ചുവരുന്ന പ്രതിമാസ ചെലവുകളും കാരണം മടുത്തതോടെ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ലക്ഷ്യത്തോടെ ഇയാൾ ജോലി രാജി വെച്ചു.

നല്ലൊരു ജോലി പെട്ടെന്ന് രാജിവെച്ചപ്പോൾ ഇതൊരു വലിയ തെറ്റായ തീരുമാനമാണ് എന്ന് പറഞ്ഞ് ചുറ്റുമുള്ളവരും സുഹൃത്തുക്കളും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിമർശനങ്ങളെ കൂട്ടാക്കാതെ വ്യക്തമായ പ്ലാനിങ്ങോടെയാണ് അദ്ദേഹം മുന്നോട്ട് പോയത്.

ഒരു പ്രധാന ഓട്ടോ സ്റ്റാൻഡിന് സമീപം ഏകദേശം 2 ലക്ഷം രൂപ നിക്ഷേപിച്ച് അത്യാവശ്യം നല്ല ഡിസൈനിലുള്ള ഒരു ചെറിയ ചായക്കട ഇയാൾ ആരംഭിച്ചു. ചായ ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമായി രണ്ട് വനിതാ ജീവനക്കാരെയും ഇയാൾ ജോലിക്ക് നിർത്തി. നിലവിൽ ദിവസേന ശരാശരി 400 കപ്പ് ചായയാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. അതായത് പ്രതിദിനം 6,000 രൂപയുടെ കച്ചവടം. ഇതുവഴി മാസം തോറും ഏകദേശം 1.8 ലക്ഷം രൂപയുടെ ആകെ വിറ്റുവരവ് ഇയാൾക്ക് ലഭിക്കുന്നുണ്ട്.

കച്ചവടം മികച്ച രീതിയിൽ മുന്നേറിയതോടെ ബിസിനസ്സ് അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ ഇയാൾ തീരുമാനിച്ചു. ചായക്കടയോടൊപ്പം വടപാവ്, സമോസ, ജലേബി തുടങ്ങിയ പലഹാരങ്ങൾ വിൽക്കുന്ന പുതിയ കൗണ്ടറുകൾ കൂടി ഇയാൾ അടുത്തിടെ ആരംഭിച്ചു. എല്ലാ പ്രവർത്തന ചെലവുകളും കഴിഞ്ഞ് പ്രതിമാസം കൃത്യമായി 1 ലക്ഷം രൂപ ചോരാത്ത അറ്റാദായമായി ഇയാളുടെ കയ്യിൽ അവശേഷിക്കുന്നു. അതായത് പഴയ ജോലിയേക്കാൾ മൂന്നിരട്ടിയിലധികം തുക ലാഭമായി മാത്രം ലഭിക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *