Breaking
Wed. Jul 22nd, 2026

അൺഎയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനബത്ത, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) എന്നിവ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷൻ. ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.അൺഎയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഒന്നും ഇറക്കിയിട്ടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം നിലനിൽക്കെയാണ് മനുഷ്യാവകാശ കമിഷൻ്റെ ഭാഗത്തുനിന്നും ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനമുണ്ടായിരിക്കുന്നത്.കമുകിൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ മലയാളം അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമിഷന്റെ നടപടി. 2023 ജൂലൈ 13-ന് വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് 2024 ഏപ്രിൽ 24-ന് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്നാണ് അധ്യാപിക പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കൂടാതെ, സസ്പെൻഷൻ കാലയളവിൽ ലഭിക്കേണ്ട ഉപജീവനബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും സ്കൂൾ മാനേജ്മെന്റ് നൽകിയില്ലെന്നും അവർ ആരോപിച്ചിരുന്നു.

അൺഎയ്ഡഡ് സ്ഥാപനത്തിലാണ് ജോലി ചെയ്തത് എന്ന കാരണത്താൽ സസ്പെൻഷൻ കാലയള വിലെ ഉപജീവനബത്ത നിഷേധിക്കാനാകില്ലെന്ന് കമിഷൻ വ്യക്തമാക്കി. സസ്പെൻഷൻ തീയതി മുതൽ സർവീസിൽ നിന്ന് നീക്കം ചെയ്തത് വരെയുള്ള കാലയളവിലെ ഉപജീവനബത്ത അധ്യാപികയ്ക്ക് ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്. വിഷയത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനും ഉചിതമായ തീരുമാനമെടുക്കാനും ജില്ലാ ലേബർ ഓഫീസർക്ക് കമിഷൻ നിർദ്ദേശം നൽകി.പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പരാതിക്കാരി ജില്ലാ ലേബർ ഓഫീസർക്ക് അപേക്ഷ നൽകണം. അധ്യാപികയ്ക്ക് തുക ലഭിക്കുന്നുണ്ടെന്ന് ലേബർ ഓഫീസർ ഉറപ്പാക്കണം. ഒരു മാസത്തിനകം തുക ലഭ്യമായില്ലെങ്കിൽ ഗ്രാറ്റുവിറ്റി കൺട്രോളിങ് അതോറിറ്റിയെ സമീപിക്കാനും സെൻട്രൽ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കാനും കമിഷൻ നിർദ്ദേശിച്ചു.പരാതിക്കാരി പ്രൊവിഡന്റ് ഫണ്ടിന് അർഹയാണെന്ന് ബോധ്യപ്പെട്ടാൽ സ്കൂൾ മാനേജ്മെന്റിൽ നിന്നും ആ തുക ഈടാക്കി നൽകുന്നതിന് ആവശ്യമായ നടപടികൾ പ്രൊവിഡന്റ് ഫണ്ട് കമീഷണർ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *