Breaking
Tue. Sep 1st, 2026

അശ്ലീല ആപ്പുകൾക്ക് പിന്നിൽ വൻ കെണി; തട്ടിപ്പ് ഇങ്ങനെ, മുന്നറിയിപ്പമായി കേന്ദ്രം

അശ്ലീല ഉള്ളടക്കങ്ങളുള്ള ആപ്ലിക്കേഷനുകളെന്ന വ്യാജേന പ്രചരിക്കുന്ന ആൻഡ്രോയ്ഡ് ആപ്പുകൾ വഴി സാമ്പത്തികത്തട്ടിപ്പുകൾ കൂടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് ആപ്പുകൾ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ ഭാഗമായ നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് (എൻ.സി.ടി.എ.യു.) അറിയിച്ചു.നൈറ്റ്പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്സോ, വിക്സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവത്തിലുള്ള മറ്റ് ആപ്പുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പ്രത്യക്ഷപ്പെടുന്ന അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയുമാണ് ഉപയോക്താക്കളെ ആദ്യം ആകർഷിക്കുന്നത്.

തുടർന്ന് ഇവരെ അശ്ലീലവെബ്‌സൈറ്റുകളിലേക്ക് തിരിച്ചുവിടും. അവിടെനിന്ന് ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുള്ള ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ.) ഫയൽ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് രീതി.ആദ്യത്തെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ആപ്പിന്റെ അപ്‌ഡേറ്റെന്നപേരിൽ രണ്ടാമതൊരു പാക്കേജുകൂടി ഡൗൺലോഡ് ചെയ്യിക്കാനും സാധ്യതയുണ്ട്. ആദ്യ ആപ്പിന് ലഭിച്ച അനുമതികൾ ദുരുപയോഗം ചെയ്താണിത്. തുടർന്ന് സുപ്രധാന അനുമതികൾ നൽകാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഇത്തരം അനുമതികൾ നൽകിയാൽ ആപ്പിന് ഫോണിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ കഴിയുമെന്നും എൻ.സി.ടി.എ.യു. മുന്നറിയിപ്പുനൽകി. ചില ആപ്പുകൾ വെർച്വൽ പ്രൈവറ്റ് നെ്റ്റ്‌വർക്ക് (വി.പി.എൻ.) ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും സാധ്യതയുണ്ട്. ഇതുവഴി ഉപയോക്താവിന്റെ ഇന്റർനെറ്റ് ട്രാഫിക്, തട്ടിപ്പുകാർ നിയന്ത്രിക്കുന്ന സെർവറുകളിലൂടെ തിരിച്ചുവിടാൻ കഴിയും. കൈമാറുന്ന വിവരങ്ങൾ ചോർത്തുന്നതിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇത് ഉപയോഗിക്കപ്പെടാം.

Related Post

Leave a Reply

Your email address will not be published. Required fields are marked *