Breaking
Sat. Sep 19th, 2026

ഡിജിറ്റല്‍ കറന്‍സിയിലൂടെ റേഷന്‍ വിതരണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളില്‍ പദ്ധതി വരുന്നു

ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രം സൗജന്യമായി റേഷന്‍ നല്‍കുന്ന മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കാണ് ‘സ്മാര്‍ട്ട് പിഡിഎസ്’ പദ്ധതിയുടെ ഭാഗമായി ഈ സൗകര്യം ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ പൈലറ്റ് പദ്ധതിയായാണ് ഇത് നടപ്പാക്കുക.

ഈ സംവിധാനത്തില്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ ഫോണിലെ ഇ-വാലറ്റിലേക്ക് ആ മാസത്തെ റേഷന്‍ വിഹിതത്തിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സിയായി നല്‍കും. റേഷന്‍ വിഹിതം സംബന്ധിച്ച സന്ദേശം ഗുണഭോക്താവിന്റെ മൊബൈലില്‍ മുന്‍കൂട്ടി എത്തും. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇ-വാലറ്റില്‍ നിന്നും തുക റേഷന്‍ വ്യാപാരിക്ക് ഡിജിറ്റലായി കൈമാറാം. ഇ-വാലറ്റ് തുക റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതിനാല്‍ സുതാര്യത ഉറപ്പാക്കാനാകും. അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് അളവില്‍ കൃത്രിമം കാണിക്കാനും കഴിയില്ല.

അതോടൊപ്പം, സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി കര്‍ശനമായ ഇ-കെവൈസി വ്യവസ്ഥകളും കൊണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും. എങ്കിലും 90 ദിവസത്തേക്ക് കൂടി കാര്‍ഡിന്റെ കാലാവധി ഉണ്ടായിരിക്കും. ഈ 90 ദിവസത്തിനുള്ളില്‍ കാര്‍ഡിലെ ഏതെങ്കിലും ഒരു അംഗം റേഷന്‍ കടയിലെത്തി ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം പതിപ്പിച്ച് ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് വീണ്ടും സജീവമാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *