Breaking
Fri. Sep 18th, 2026

റൗണ്ട് എബൗട്ട് വേണം പൊന്നാനി നരിപ്പറമ്പ് ജങ്ഷനിൽ

പൊന്നാനി : നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന നരിപ്പറമ്പ് ജങ്ഷനിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. തവനൂർ–കുറ്റിപ്പുറം റോഡ്, നരിപ്പറമ്പ്-തിരൂർ റോഡ്, നരിപ്പറമ്പ്-എടപ്പാൾ റോഡ്, പൊന്നാനി ഭാഗത്തേക്കുള്ള റോഡ് എന്നിവ സംഗമിക്കുന്ന പ്രധാന ജങ്ഷനാണിത്.നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ അമിതവേഗത്തിൽ ജങ്ഷനിലേക്ക് എത്തുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കാനും അപകടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. വിവിധ ദിശകളിൽനിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം ഒരേസമയം നിയന്ത്രിക്കേണ്ട സാഹചര്യമുള്ളതിനാൽ നിലവിലെ ഗതാഗതക്രമീകരണം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

കുറച്ചു ദിവസങ്ങൾക്കുമുൻപ് ജങ്ഷനിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജങ്ഷനിലെ ഗതാഗതസുരക്ഷ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായി.പൊന്നാനി റോഡിലെ നിലവിലെ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ റോഡിന് വീതി കുറവായതിനാൽ പിന്നിലെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും അപകടസാധ്യത വർധിക്കുകയുംചെയ്യുന്നു. നിലവിലെ ബസ് സ്റ്റോപ്പ് ഗതാഗതത്തിനു തടസ്സമാകാത്ത അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം.

ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളിൽ പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ഇടപെട്ട് വാഹനങ്ങൾക്ക് വഴിയൊരുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രധാന ജങ്ഷനിലെ ഗതാഗതനിയന്ത്രണം സ്ഥിരമായ സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിന്റെ ഭാഗമായി നരിപ്പറമ്പ് ജങ്ഷനിൽ ശാസ്ത്രീയമായ റൗണ്ട് എബൗട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജങ്ഷന്റെ സ്ഥലസൗകര്യവും വാഹനങ്ങളുടെ ഗതാഗതരീതിയും പരിശോധിച്ച് റൗണ്ട് എബൗട്ട് സ്ഥാപിക്കാനുള്ള സാധ്യത പൊതുമരാമത്തുവകുപ്പ് അടിയന്തരമായി പരിശോധിക്കണം. റൗണ്ട് എബൗട്ട് പ്രായോഗിക മല്ലെങ്കിൽ ആധുനിക ട്രാഫിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യതയും പരിഗണിക്കണം.

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും നാലുദിശകളിൽനിന്നുള്ള ഗതാഗതം ക്രമീകരിക്കാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ സമയങ്ങളിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കി ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയുംവേണം. പോലീസ്, പൊതു മരാമത്തു വകുപ്പ്, മോട്ടോർവാഹന വകുപ്പ്, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവ സംയുക്തമായി സ്ഥലം പരിശോധിച്ച് പഠനം നടത്തി ആവശ്യമായ സുരക്ഷാനടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

അടിയന്തരമായിസ്ഥാപിക്കണം :വാഹനാപകട ഭീഷണി നിലനിൽക്കുന്ന നരിപ്പറമ്പ് ജങ്ഷനിൽ അടിയന്തരമായി റൗണ്ട് എബൗട്ട് സ്ഥാപിക്കുകയോ സിഗ്നൽ ലൈറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം.

സി.എം. അജയ്, അതളൂർ

Related Post

Leave a Reply

Your email address will not be published. Required fields are marked *