പൊന്നാനി: പൊന്നാനി നഗരസഭയിലെ മിക്ക റോഡുകളും യാത്ര ചെയ്യുവാൻ പറ്റാത്ത വിധം തകർന്നു കിടക്കുന്നു. അടുത്തകാലത്ത് പണി പൂർത്തീകരിച്ച റോഡുകളും തകർച്ചയിലാണെന്നും ,നഗരസഭാ ഭരണസമിതിയുടെ അനാസ്ഥയാണ് വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. തകർന്ന റോഡുകളിലെ കുഴികളിൽ കരിങ്കൽ പൊടി നിറച്ച് താൽക്കാലിക പരിഹാര നടപടികൾ സ്വീകരിക്കുകയാണ് നഗരസഭ ചെയ്തുകൊണ്ടിരിക്കുന്നത്. പൊന്നാനി, ഈഴുവത്തിരുത്തി മേഖലകളിലെ യാത്രാ യോഗ്യമല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് സമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, കാട്ടിൽ അലി, എ പവിത്രകുമാർ, സി ജാഫർ, പി നൂറുദ്ദീൻ, പ്രദീപ് കാട്ടിലായിൽ, കാളമ്മൽ അബു മണ്ഡലം പ്രസിഡണ്ടുമാരായ കെ ജയപ്രകാശ്, എൻ പി നബിൽ,സി മുനീർ എന്നിവർ സംസാരിച്ചു.

