തിരൂർ: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുൾപ്പെടെയുള്ള കുടുംബത്തെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം തിരൂർ വിഷുപ്പാടത്താണ് സംഭവം. ആക്രമണം തടയാൻ എത്തിയ മറ്റൊരാളെയും പ്രതി മാരകമായി ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
രാത്രിയിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ മുന്നിലേക്ക് ചാടുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സ്ത്രീയുടെ പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനുഷ, പി. മിഥുൻ, നസീർ തിരൂർക്കാട്, സീനിയർ സി.പി.ഒ ശശി, സി.പി.ഒമാരായ ആശിഷ്, ടോണി, അനന്തു, ദിൽജിത്ത്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ നിരവധി അടിപിടിക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.

