പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിർമ്മാണം നടത്തുകയും, എല്ലാവരുടെയും സമ്മതപ്രകാരം കർമ്മ എന്ന പേര് നൽകുകയും ചെയ്ത കർമ്മ റോഡിൻ്റെ പേരാണ് ഏകപക്ഷീയമായി നിളയോരപ്പാത എന്നാക്കി മാറ്റിയത്. സർക്കാർ രേഖകളിൽ നിളയോരപ്പാത എന്നാണെങ്കിലും ജനങ്ങൾ ഇപ്പോഴും കർമ്മ റോഡ് എന്നാണ് വിശേഷിപ്പിച്ചുവരുന്നത്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന ചമ്രവട്ടം കടവ് മുതൽ പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിനെ പഴയ കർമ്മ റോഡ് എന്ന പേരിലേക്ക് തന്നെ മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോടും, കെ പി നൗഷാദലി എംഎൽഎയോടും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷ വഹിച്ച യോഗത്തിൽ കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, പുന്നക്കൽ സുരേഷ്, മുസ്തഫ വടംമുക്ക്, എ പവിത്രകുമാർ, സി ജാഫർ, കെ പി ജബ്ബാർ, ജെ.പി.വേലായുധൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രദീപ് കാട്ടിലായിൽ, സക്കീർ കടവ്, കെ പി സോമൻ, സി എ ശിവകുമാർ,കെ രാജീവ്,കെ എം റഹീം, എം അമ്മുക്കുട്ടി, കെ വി സുജിർ,നളിനി സരോജം, എന്നിവർ സംസാരിച്ചു.
ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് സംസാരിക്കുന്നു.

