പൊന്നാനി : നഗരത്തെ ചുവപ്പണിയിച്ച് എൽഡിഎഫിന്റെ മുനിസിപ്പൽ റാലി. വണ്ടിപ്പേട്ടയിൽ നിന്ന് 53 എൽഡിഎഫ് സ്ഥാനാർഥികളും പ്രവർത്തകരും അണിനിരന്ന പ്രകടനം പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എവറസ്റ്റ് ലത്തീഫ് അധ്യക്ഷനായി. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നേതാക്കളായ അഡ്വ. പി.കെ. ഖലീമുദ്ദീൻ, സി.പി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബാബു, ഒ.ഒ. ഷംസു, ശിവദാസ് ആറ്റുപുറം, എ.കെ. ജബ്ബാർ, പി. ഇന്ദിര, യു.കെ. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
വെളിയങ്കോട് എൽഡിഎഫ് റാലി
എരമംഗലം : യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വികസനങ്ങൾക്ക് തുരങ്കംവെക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. വെളിയങ്കോട്ട് നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അലി ഗ്രാമം അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഡിവിഷൻ സ്ഥാനാർഥിയുമായ ടി.എം. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ സ്ഥാനാർഥി ഷാജിറ മനാഫ്, സുരേഷ് കാക്കനാത്ത്, എൻ.കെ. ഹുസൈൻ, പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ, സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, പി. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ
സ്ഥാനാർഥി ഷാജിറ മനാഫിന്റെ ജാഥാ പര്യടനം സമാപിച്ചു
എരമംഗലം : ഗ്രാമങ്ങളിൽ ആവേശമുയർത്തി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ സ്ഥാനാർഥി ഷാജിറ മനാഫിന്റെ ജാഥാ പര്യടനം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പര്യടനത്തിന് എടപ്പാൾ പഞ്ചായത്തിലെ കോലളമ്പ്, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി 50-ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കോലളമ്പ് പുലിക്കാട് നിന്നുതുടങ്ങിയ പര്യടനം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു.
പൊതുപ്രവർത്തകയും ജനപ്രതിനിധിയുമായി വനിതൾക്ക് മാതൃകയായ വ്യക്തിത്വമാണ് ഷാജിറ മനാഫെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാംദിനം മാറഞ്ചേരി അധികാരിപ്പടിയിൽ നടന്ന സമാപനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനംചെയ്തു. രണ്ടാംദിനം പെരുമ്പടപ്പ് പങ്ങത്ത് നിന്ന് തുടങ്ങിയ ജാഥാ പര്യടനം പാലപ്പെട്ടി സെന്ററിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി എൽഡിഎഫ് നേതാക്കളായ ടി.എം. സിദ്ദീഖ്, പി. രാജൻ, എം.കെ. മുഹമ്മദ് സലീം, സുരേഷ് കാക്കനാത്ത്, വി.എ. റസാഖ്, പി.എം. ആറ്റുണ്ണി തങ്ങൾ, ടി.കെ. ഫസലുറഹ്‌മാൻ, എൻ.കെ. ഹുസൈൻ, പി. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാർഥികളും വിദ്യാർഥികളുമായി സംവാദം
ചങ്ങരംകുളം : യുഡിവെഎഫ് നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ യുഡിഎഫ് സ്ഥാനാർഥികൾ വിദ്യാർഥികളുമായി സംവാദം നടത്തി. വെള്ളിയാഴ്ച രാത്രി മൂക്കുതല വാര്യർ മൂലയിൽ നടന്ന പരിപാടിയിൽ മൂക്കുതല ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി അഡ്വ. നിയാസ് മുഹമ്മദ് കോഡിനേറ്ററായി.
പര്യടന ഉദ്ഘാടനവും സ്ഥാനാർഥി സംഗമവും ഇന്ന്
ചങ്ങരംകുളം : മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പര്യടന ഉദ്ഘാടനവും സ്ഥാനാർഥികളുടെ സംഗമവും ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും.

