Breaking
Mon. Jun 8th, 2026

പൊന്നാനി: ഇനിയുള്ള 52 ദിവസക്കാലം ബോട്ടുകളിൽ എൻജിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിന്‍റെ ഭാഗമായി മത്സ്യബന്ധനത്തിനുപോകുന്ന സംസ്ഥാനത്തെ 10,000ഓളം ബോട്ടുകൾ കരക്കടുപ്പിക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും. ഒമ്പതിന് അർധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവെങ്കിൽ രണ്ട് വർഷമായി ഇത് 52 ദിവസമാണ്.

ട്രോളിങ് നിരോധനത്തിനുപകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മീൻപിടിത്ത നിരോധനംമൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലമരുമ്പോൾ വിദേശ കപ്പലുകൾ യഥേഷ്ടം മീൻ പിടിക്കുകയാണ്. ഇതിന് സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് ആവശ്യം. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പുതന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയെന്ന് ഉറപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

നിരോധനം തുടങ്ങുന്ന വെള്ളിയാഴ്ച അര്‍ധരാത്രി 12നു മുമ്പായി എല്ലാ ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. തീരത്തടുപ്പിച്ച ബോട്ടുകള്‍ നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി 12നുശേഷമേ മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ പാടുളളൂ. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനത്തിന് കടലില്‍പോകാം. എന്നാല്‍, കുഞ്ഞന്‍ മീനുകളെ പിടിക്കുന്നതിന് നിരോധനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.

Related Post

Leave a Reply

Your email address will not be published. Required fields are marked *