Breaking
Mon. Jun 22nd, 2026

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ല. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള ഉത്തരവ് നാളെ ഇറങ്ങും. 24-ാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇന്ദിരാ ഗ്യാരന്റി പ്രകാരമുള്ള സുപ്രധാന വാഗ്ദാനമായ പെന്‍ഷന്‍ തുക 3000 ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും വിഡി സതീശന്‍ സഭയെ അറിയിച്ചു. ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കും. അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ഹരായ ആളുകള്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കും. ലോസ് ഏഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെന്‍ഷന്‍ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകന്‍ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെന്‍ഷന്‍ അയോഗ്യത പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചര്‍ച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാരന്റി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രിയദര്‍ശിനി സൗജന്യയാത്ര ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കി. ഒരു ഓര്‍ഡിനറി ബസു പോലും ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ കള്ളപ്രചാരണമാണ് നടത്തിയത്. അതില്‍ നിയമസഭയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *