ഫിഫ ലോകകപ്പിൽ ഇത്തവണ വിനീഷ്യസ് ജൂനിയറിന്റെ തോളിലേറിയാണ് ബ്രസീൽ കുതിപ്പ് തുടരുന്നത്. സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി റൗണ്ട് 32ൽ ബ്രസീൽ സ്ഥാനം ഉറപ്പിച്ചപ്പോൾ മത്സരത്തിലെ താരമായത് വിനീഷ്യസാണ്. ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ താരം ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രണ്ടാമതും ലക്ഷ്യം കണ്ടു, ടൂർണമെന്റിൽ ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ഗോളായി. റയൽ മാഡ്രിഡ് താരം ഇതോടെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
തുടർച്ചയായ മൂന്നാം കളിയിലും വിനീഷ്യസ് തന്നെയാണ് മാൻ ഓഫ് ദി മാച്ചുമായത്.2002ലെ ലോകകപ്പിൽ റൊണാൾഡോയും റിവാൾഡോയും ഈ നേട്ടം കൈവരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രസീലിയൻ താരം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. ഇതോടെ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ റൊമാരിയോ, ജൈർസീഞ്ഞോ, റൊണാൾഡോ, റിവാൾഡോ എന്നിവരുടെ നിരയിലേക്ക് വിനീഷ്യസും ഉയർത്തപ്പെടുകയാണ്.
നാല് ഗോളുകളുമായി എർലിംഗ് ഹാലൻഡിനും എംബാപ്പെയ്ക്കും ഒപ്പമെത്തിയ താരം അഞ്ചു ഗോളുകൾ നേടിയ ലയണൽ മെസ്സിയുടെ പിന്നിലാണ്.മുൻപ് നേരിട്ട വിമർശനങ്ങൾക്കിടയിലും തന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്ന് വിനീഷ്യസ് മത്സരശേഷം പ്രതികരിച്ചു. ബ്രസീൽ ജഴ്‌സിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ സന്തോഷവും പ്രകടി പ്പിച്ചു. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന മറ്റൊരു ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ മൂന്നാം മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

