Breaking
Tue. Aug 11th, 2026

മലപ്പുറത്തെ സർക്കാർ ഓഫിസിലെ ടോം ആൻഡ് ജെറി കളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ- ദൃശ്യങ്ങൾ

മലപ്പുറത്തെ സർക്കാർ ഓഫിസിൽ ഒരു റിയൽ ടോം ആൻഡ് ജെറി കളി. ക്ലൈമാക്സിൽ ജെറിയെ പൂട്ടി മലപ്പുറത്തെ ടോം. ജീവനക്കാരൻ പകർത്തിയ വിഡിയോ വെറും 5 ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കണ്ടത് 1.6 കോടിയിലേറെ പേർ. മലപ്പുറം സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫിസിലാണ് സംഭവം. ജീവനക്കാരൻ റോഷൻ അരീക്കോട് പകർത്തിയ വിഡിയോ ആണ് വൈറലായത്. ഇൻസ്റ്റഗ്രാമിൽ 10.8 മില്യനും (1.08 കോടി) ഫെയ്സ്ബുക്കിൽ 5.3 മില്യനുമാണ് (53 ലക്ഷം) ആണ് വ്യൂസ്.സംഭവം ഇങ്ങനെ. ഓഫിസിൽ സ്ഥിരം ശല്യക്കാരനായ ഒരെലി. എല്ലാ ദിവസവും വൈകിട്ട് 3.15ന് കൃത്യമായി എലി റാക്കിനു മുകളിൽ നിന്ന് എത്തിനോക്കാറുണ്ടെന്ന് റോഷൻ പറഞ്ഞു.

ജീവനക്കാരുടെ കണക്കെടുക്കാനെന്ന പോലെ. അതു കഴിഞ്ഞ് നേരെ ഫയലുകളും മറ്റും വച്ച അലമാറയ്ക്കിടയിലൂടെ ഓടിക്കളിക്കും. ചില വസ്തുക്കളൊക്കെ കരണ്ടു തിന്നതിന്റെ അവശിഷ്ടങ്ങളും ലഭിച്ചു. എല്ലാവരുടെയും പേടി എലി പ്രധാനപ്പെട്ട ഫയലുകളോ രേഖകളോ ഒക്കെ കരണ്ട് നശിപ്പിക്കുമോ എന്നതായിരുന്നു.എലിയെ പിടിക്കാൻ ജീവനക്കാർ തീരുമാനിച്ചു. എലിക്കെണി വച്ചാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. എങ്ങാനും എലി കെണിയിൽ കുടുങ്ങിയാൽ പിന്നെ അതിനെ കൊല്ലണം, കുഴിച്ചിടണം… പൊല്ലാപ്പാണ്. എലിവിഷം വച്ചാലോ എന്ന അഭിപ്രായമുണ്ടായി. പക്ഷേ എങ്ങാനും വിഷം കഴിച്ച എലി ഫയലുകൾക്കിടയിലോ മറ്റോ ചത്തു കിടന്നാൽ അതിനേക്കാൾ പൊല്ലാപ്പാകും…എലിയെ എങ്ങനെ പിടിക്കുമെന്നായി പിന്നീടുള്ള ആലോചന. അപ്പോഴാണ് ജീവനക്കാർക്ക് ഒരു ഐഡിയ മിന്നിയത്. എലിയെ പിടിക്കുന്നത് കഥകളിലൊക്കെ പൂച്ചയാണല്ലോ.

അപ്പോ പൂച്ചയെ കൊണ്ടു വന്നാലോ? ഓഫിസ് നിൽക്കുന്ന ഒന്നാം നിലയിൽ ജീവനക്കാർ ഓമനിക്കാറുള്ള ഒരു പൂച്ചയുണ്ട്. ഇപ്പോഴത് പ്രസവിച്ചു കിടക്കുകയാണ്. 3 കുട്ടികളുമുണ്ട്. ഒടുവിൽ ജീവനക്കാർ ആ പൂച്ചയെ പിടിച്ചു കൊണ്ടു വന്നു. എലിയെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും പൂച്ചയുടെ സ്വഭാവം മാറി. അക്രമാസക്തമായി. പിന്നെ ഫയലുകൾക്കിടയിലൂടെ എലിയെ ലക്ഷ്യം വച്ച് പൂച്ചയുടെ പരാക്രമങ്ങൾ. ഒടുവിൽ എലിയെ പൂച്ച പിടികൂടി. കടിച്ചു കൊന്ന് അതിന്റെ 3 കുഞ്ഞുങ്ങൾക്കും ഒരു നേരത്തേക്കുള്ള തീറ്റയുമായി.ടോം ആൻഡ് ജെറി കാർട്ടൂണിൽ ജെറി എലിയെ പിടിക്കാൻ ടോം പൂച്ചയ്ക്ക് സാധിക്കാറില്ല. പക്ഷേ ഇവിടത്തെ ടോം എലിയെ പിടിച്ചതടക്കമുള്ള വിഡിയോ റോഷൻ ചുമ്മാ സമൂഹ മാധ്യമത്തിലിട്ടതാണ്. പക്ഷേ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ കത്തിക്കയറുകയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *