സിംഹവും മുതലയും ഏറ്റുമുട്ടിയാൽ ആരു ജയിക്കും? സാഹചര്യമനുസരിച്ച് ഉത്തരം മാറിമറിയാൻ സാധ്യതയുള്ള ഈ ചോദ്യത്തിന്റെ ഫുട്ബോൾ വേർഷൻ ഇന്നു രാത്രി 12.30നു ഡാലസ് സ്റ്റേഡിയത്തിൽ അരങ്ങേറും. ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ മുഖാമുഖമെത്തുന്നതു കിരീടത്തിൽ കണ്ണുവച്ച ഫ്രാൻസും സ്പെയിനും. ഇവർ തമ്മിൽ മുട്ടിയാൽ ആരു ജയിക്കുമെന്നത് ആരാധകർക്കിടയിലെ ദേശീയ പ്രശ്നം.സിംഹതുല്യമായ വേട്ടമനസ്സോടെ എത്തുന്ന ഫ്രാൻസ് ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം നേടിയത് ഏകപക്ഷീയ വിജയം. എതിരാളി ആരായാലും തോൽവിയുടെ കയത്തിലേക്കു മുക്കിത്താഴ്ത്താൻ ശേഷിയുള്ള പ്രതിരോധ മികവു സ്പെയിനിനും സ്വന്തം. റയൽ മഡ്രിഡിന്റെ കിലിയൻ എംബപെയും ബാർസിലോനയുടെ ലമീൻ യമാലും ഇരുപക്ഷങ്ങളിൽ അണിനിരക്കുന്നതിനാൽ റയൽ – ബാർസ എൽക്ലാസിക്കോയുടെ വീര്യവും ഈ മത്സരത്തിനുണ്ട്.
സ്പെയിൻ
മത്സരതന്ത്രം: ക്വിക് പാസിങ് കോംബിനേഷനുകളിലൂടെ ഫ്രാൻസിന്റെ പ്രസിങ് ചെറുക്കാനും പൊസഷൻ പിടിക്കാനും സ്പെയിൻ ശ്രമിക്കാം. മധ്യനിരയിലാകും അവരുടെ കരുത്തും ആസൂത്രണവും വെളിപ്പെടുക. ഇതോടെ ഫ്രാൻസിന്റെ വന്യമായ ഏകപക്ഷീയ കുതിപ്പിനു തടയിടാനായേക്കും. പന്ത് നഷ്ടപ്പെട്ടാലുടൻ എംബപെയും ഒലീസെയും നേരെ തങ്ങളുടെ ബോക്സിലേക്ക് ഇരച്ചുകയറുന്നതു തടയാൻ കൗണ്ടർ പ്രസിങ് തന്ത്രം സ്വീകരിച്ചേക്കാം. കഴിഞ്ഞ രണ്ടു നോക്കൗട്ടുകളിലെയും സൂപ്പർസബ് മിക്കൽ മെറീനോയെ അവസാന ആയുധമായി ഇന്നും പ്രയോഗിച്ചേക്കും.
ഫ്രാൻസ്
മത്സരതന്ത്രം: സ്പെയിന്റെ മികവുറ്റ ഫുൾബാക്കുകളെ ചിതറിപ്പിക്കാൻ ശേഷിയുള്ള മാരക വെർട്ടിക്കൽ കൗണ്ടർ അറ്റാക്കുകൾ എംബപെയും ഡെംബലെയും പുറത്തെടുത്തേക്കാം. മിഡ്ഫീൽഡിലാകും സ്പെയിന്റെ തന്ത്രങ്ങൾ കേന്ദ്രീകരിക്കുക എന്നതിനാൽ മധ്യനിരയിലെ നിയന്ത്രണത്തിനു മുഖ്യ ഫോക്കസ്. യമാലും നിക്കോ വില്യംസും കളിക്കുന്ന വൈഡ് ഏരിയകളിലൂടെ കൗണ്ടർ പ്രസിങ് പ്രതീക്ഷിക്കാം.

