ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റും ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയേഴ്സ് പ്ലേയിങ് ഇലവനിലുണ്ട്. ശിവം ദുബെയടക്കം നാലു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്നതാണ് ഇന്ത്യയുടെ കോംബിനേഷൻ. വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർക്കു സ്ഥാനം നൽകിയപ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിന് അവസരം ലഭിച്ചില്ല. പേസർമാരിൽ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയപ്പോൾ അർഷ്ദീപ് സിങ് പുറത്തായി. ഇംഗ്ലണ്ട് ടീമിൽ മൂന്നു പേർമാരും രണ്ടു സ്പിന്നർമാരുമുണ്ട്.
ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണം മറന്ന്, വിജയവഴിയിൽ തിരിച്ചെത്താൻ ഉറപ്പിച്ചാണ് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുത്. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജസ്പ്രീത് ബുമ്രയുടെ വരവ് ബോളിങ്ങിന്റെ അടിത്തറ ശക്തമാക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. മറുവശത്ത്, ട്വന്റി20 പരമ്പരയിലെ സമ്പൂർണ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.
ഇംഗ്ലിഷ് പിച്ചുകളിൽ കാര്യമായ മത്സരപരിചയമില്ലാത്ത ടീമുമായി ഇറങ്ങിയതായിരുന്നു ട്വന്റി20 പരമ്പരയിൽ ഇന്ത്യ നേരിട്ട തിരിച്ചടിക്കുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ, ഏകദിന പരമ്പരയിലേക്കു വരുമ്പോൾ, രോഹിത്– കോലി സഖ്യത്തിനു പുറമേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾക്ക് ഇംഗ്ലിഷ് പിച്ചുകൾ പരിചിതമാണ്. ട്വന്റി20 പരമ്പരയിൽ തിളങ്ങിയ ശ്രേയസ് അയ്യർ കൂടി ചേരുന്നതോടെ ഇന്ത്യൻ ബാറ്റിങ് സുശക്തം.

