Breaking
Tue. Sep 8th, 2026

‘20–ാം തവണ എമിലിയാനോ മാർട്ടിനസിനു പിഴച്ചു’, ‘അവർ മാത്രം അർഹിച്ച വിജയം’; സ്പെയിനിന് അഭിനന്ദനങ്ങളുമായി രാഷ്ട്രീയ നേതാക്കൾ

നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കാൽപന്തിന്റെ പെരുങ്കളിയാട്ടം അവസാനിച്ചു. നിലവിലെ ലോക ചാംപ്യൻമാരെ മുട്ടുകുത്തിച്ചു സ്പെയിൻ വിശ്വകിരീടം ഉയർത്തി. ഒരു കളി പോലും തോൽക്കാതെ ഫൈനൽ വരെയെത്തിയിട്ടും, ഈ ലോകകപ്പിലെ ടോപ് ഫേവറീറ്റുക ളായിരുന്നില്ല സ്പെയിൻ. എന്നിട്ടും സ്പെയിനിന്റെ വിജയത്തിൽ സന്തോഷം പങ്കുവയ്ക്കുക യാണ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ.വളരെ രസകരമായ പോസ്റ്റാണ് മന്ത്രി ഷിബു ബേബി ജോൺ പങ്കുവച്ചത്. മെസ്സിക്കും റോഡ്രിഗോ ഹെർണാണ്ടസിനുമൊപ്പം കളിക്കുന്ന മന്ത്രിയുടെ ചിത്രത്തിനൊപ്പം ‘നമ്മളിത് പണ്ടേ വേണ്ടാന്ന് വച്ചിട്ടാ… അല്ലപിന്നെ!’ എന്നാണ് രസകരമായി കുറിച്ചിരിക്കുന്നത്. ‘എന്തായാലും മെസ്സിയെ കേരളത്തിലെത്തിച്ചിട്ടുണ്ട്’ എന്നും പരിഹാസ രൂപേണ മന്ത്രി പോസ്റ്റിൽ കുറിക്കുന്നു. ‘അവർ മാത്രം അർഹിച്ച വിഷയം. അഭിനന്ദനങ്ങൾ സ്പെയിൻ’ എന്നാണ് സ്പെയിൻ ടീമിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഷാഫി പറമ്പിൽ എംപി ഫെയ്സ്ബുക്കിൽ കുറിച്ചത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്പെയിനിന് അഭിനന്ദനങ്ങൾ അറിയിച്ചു പോസ്റ്റ് പങ്കുവച്ചു. ‘രാജ്യങ്ങളുടെ അതിരുകൾക്കപ്പുറം കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ഒന്നിപ്പിക്കുന്ന അസാധാരണ ശക്തിയാണ് ഫുട്ബോൾ. ലോകമെമ്പാടുമുള്ള ആരാധകർക്ക് ആവേശവും ആനന്ദവും അവിസ്മരണീയ നിമിഷങ്ങളും സമ്മാനിച്ച മറ്റൊരു ലോകകപ്പ് കൂടി ഇന്ന് സമാപിക്കുകയാണ്. ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയ സ്പെയിൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം മികവുറ്റ പ്രകടനവും ആകർഷകമായ ഫുട്ബോളും കാഴ്ചവച്ച് അർഹതയോടെ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്. ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ.

വിജയ-പരാജയങ്ങൾക്കപ്പുറം കായിക മികവും സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിച്ച ഈ ലോകകപ്പ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ഏറെക്കാലം ഓർത്തുവയ്ക്കാനാകുന്ന അനേകം നിമിഷങ്ങൾ സമ്മാനിച്ചു. സ്പോർട്സ്മാൻഷിപ്പിന്റെ മഹത്തായ സന്ദേശം ലോകമെമ്പാടും കൂടുതൽ ശക്തമായി പടരട്ടെയെന്ന് ആശംസിക്കുന്നു’ എന്നാണ് പിണറായി വിജയൻ കുറിച്ചത്.സമ്പൂർണ ആധിപത്യത്തോടെ കളിച്ച സ്പെയിനിന് മുതിർന്ന സിപിഎം നേതാവ് കെ.കെ.ശൈലജയും ആശംസകൾ അറിയിച്ചു. എമിലിയാനോ മാർട്ടിനസിന്റെ മികവ് എടുത്തു പറഞ്ഞായിരുന്നു പോസ്റ്റ്. ‘ഫൈനലിൽ 106ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ ലോക കിരീടം ചൂടി സ്പെയിൻ. 19 തവണയും സ്പെയിനിന്റെ ബുള്ളറ്റ് കണക്കെയുള്ള ഷോട്ടുകൾക്ക് മുന്നിൽ വൻമതിൽ തീർത്ത എമിലിയാനോ മാർട്ടിനസിന് ഇരുപതാം തവണ പിഴച്ചു. മികച്ച പാസുകൾ, മികച്ച ഗോൾ പൊസിഷൻ, സമ്പൂർണ ആധിപത്യത്തോടെ കളിച്ച മത്സരത്തിൽ സ്പെയ്നിന് അർഹിച്ച വിജയം. രണ്ടാം തവണ ഫുട്ബോൾ ലോകകിരീടം ചൂടിയ സ്പെയിൻ ടീമിന് അഭിനന്ദനങ്ങൾ’, ശൈലജ കുറിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *