സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പ്രധാന പ്രോട്ടീൻ സ്രോതസ്സുകളായ കോഴിയിറച്ചി, പോത്തിറച്ചി , മത്തി എന്നിവയുടെ വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റുകൾ പ്രതിസന്ധിയിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പോത്തിറച്ചിക്ക് വില കൂടിയതിന് പിന്നാലെയാണ് കോഴിയിറച്ചി വിലയും ഇപ്പോൾ റെക്കോർഡ് നിരക്കിലെത്തിയിരിക്കുന്നത്. ഒരേസമയം കോഴിയിറച്ചിക്കും പോത്തിറച്ചിക്കും കടൽമത്തിക്കും വില വർദ്ധിച്ചത് സാധാരണ വീടുകളെ മാത്രമല്ല, ഹോട്ടലുകൾ, കാറ്ററിംഗ് ബിസിനസുകൾ എന്നിവയുടെ നടത്തിപ്പിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കോഴിത്തീറ്റയുടെ വിലക്കയറ്റം, ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവിലെ വൻ ഇടിവ് എന്നിവയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഇറച്ചിക്ക് പുറമെ സാധാരണക്കാരന്റെ ആശ്രയമായ കോഴിമുട്ടയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന മുട്ടയ്ക്ക് നിലവിൽ വിപണിയിൽ 8.50 രൂപ മുതൽ 9 രൂപ വരെയാണ് ഈടാക്കുന്നത്.

