Breaking
Fri. Jul 24th, 2026

വിദ്യാഭ്യാസ രംഗം തകർത്തു, ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കി നേരിട്ടു- സോണിയ ഗാന്ധി

മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും വിദ്യാർത്ഥി പ്രതിഷേധങ്ങളോടുള്ള സമീപനത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. പരീക്ഷാ പേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ തകർച്ചയും ഉന്നയിച്ച് പ്രതിഷേധിച്ച യുവജനങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് അവർ ആരോപിച്ചു.വിദ്യാർത്ഥികൾ ഉത്തരവാദിത്വത്തിനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്കും വേണ്ടി നിലകൊണ്ടപ്പോൾ, അവരെ ഭീരുത്വം നിറഞ്ഞ ക്രൂരതയോടെയാണ് നേരിട്ടത്. അവരെ രാജ്യത്തിന്റെ ഭാവി പിന്തുടർച്ചാവകാശികളായി കാണാതെ രാജ്യത്തിന്റെ ശത്രുക്കളായിട്ടാണ് കണ്ടുവെന്നും സോണിയ കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയയുടെ വിമർശനം.

ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ മോദി സർക്കാർ തകർത്തുവെന്നും, അതിനെതിരെ വിദ്യാർത്ഥികൾ ശക്തമായ വെല്ലുവിളി ഉയർത്തുകയാണെന്നും അവർ പറഞ്ഞു. വിദ്യാർത്ഥി കൾക്കൊപ്പം നിൽക്കുകയും അവരുടെ ഭാവി സംരക്ഷിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ധാർമ്മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ കടമയാണെന്നും അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്തെ തകർച്ചയും സർക്കാരിന്റെ അഹങ്കാരപരമായ സമീപനവുമാണ് രാജ്യത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായത്. ജൂലായ് 20 ന് നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളെ പോലീസ് നേരിട്ട രീതി ഞെട്ടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതിന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെ അനുമതി ലഭിച്ചത് വിശ്വസിക്കാനാവുന്നില്ലെന്നും സോണിയ പറഞ്ഞു.

കർഷകരായാലും സാമൂഹിക പ്രവർത്തകരായാലും പ്രതിഷേധിക്കുന്നവരോട് സർക്കാർ സംവാദത്തിന് പകരം അടിച്ചമർത്തൽ നയമാണ് സ്വീകരിക്കുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും ഉദ്യോഗസ്ഥരും സംരംഭകരുമായ യുവാക്കളുമായി സംവദിക്കുകയാണ് വേണ്ടത്.പകരം അവരുടെ വിയോജിപ്പുകളെ രാജ്യവിരുദ്ധമെന്ന് മുദ്രകുത്തുന്ന സർക്കാരിന്റെ രീതി ഇപ്പോൾ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെയും ഉപയോഗിക്കുകയാണ്.വിദ്യാഭ്യാസ രംഗത്ത് പ്രധാനമായും മൂന്ന് പ്രശ്‌നങ്ങൾ ആണ് ഉള്ളത്. ഒന്നാമതായി പൊതുവിദ്യാഭ്യാസത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുകയും സ്വകാര്യ സ്‌കൂളുകൾക്ക് കൂടുതൽ അനുമതി നൽകുകയും ചെയ്തു.

ഇവയിൽ വലിയൊരു പങ്ക് സ്‌കൂളുകളും നടത്തുന്നത് ആർ.എസ്.എസ് അനുബന്ധ സ്ഥാപനങ്ങൾ ആണ്. രണ്ടാമതായി ദേശീയ പരീക്ഷ സംവിധാനം സ്വകാര്യവൽക്കരിക്കപ്പെടുകയും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും ചെയ്തു. സ്വകാര്യ കരാറുകാരെ ആശ്രയിച്ചാണ് രാജ്യത്ത് നീറ്റ് പോലുള്ള പൊതുപരീക്ഷകൾ നടത്തുന്നത്. മൂന്നാമതായി രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ. ഈ പ്രശ്‌നങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കാനും ചർച്ചകൾ നടത്താനും സർക്കാർ തയ്യാറാകാത്തതാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുടെ മുഖ്യകാരണം. തുടർച്ചയായ വീഴ്ചകൾ ഉണ്ടായിട്ടും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാത്തത് ജനരോഷം വർധിപ്പിച്ചതായും സോണിയ ഗാന്ധി ആരോപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *