Breaking
Fri. Jul 31st, 2026

ഇനി ‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേരുമാറ്റം പൂർണമായി നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

സംസ്ഥാനത്തെ എല്ലാ വൃദ്ധസദനങ്ങളിലും സർക്കാർ പ്രഖ്യാപിച്ച പുതിയ പേര് നിർബന്ധമായും ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സർക്കാർ ഉത്തരവ് പ്രകാരം ‘വൃദ്ധസദനം’ എന്നതിന് പകരം ‘സ്നേഹാലയം’ എന്ന പേര് എല്ലാ ഔദ്യോഗിക രേഖകളിലും, നെയിം ബോർഡുകളിലും, വെബ്‌സൈറ്റുകളിലും മറ്റ് പൊതുപ്രയോഗങ്ങളിലും ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാനാണ് നിർദേശം.സാമൂഹികനീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. പേരുമാറ്റം രേഖകളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിലും വ്യാപകമായി പ്രയോഗത്തിലാക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

‘വൃദ്ധർ’ എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നതാണെന്നും കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ മാന്യതയും സ്നേഹവും പ്രതിഫലിപ്പിക്കുന്ന പേര് നൽകണമെന്നുമാവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിലാണ് നടപടി.

2024 ഡിസംബർ 2-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റിയതായി സാമൂഹികനീതി വകുപ്പ് അറിയിച്ചിരുന്നെങ്കിലും, പല സ്ഥലങ്ങളിലും ഇപ്പോഴും ‘വൃദ്ധസദനം’ എന്ന പഴയ പേരാണ് ഉപയോഗിക്കുന്നതെന്ന് കമ്മീഷൻ കണ്ടെത്തി.

ഇതിനെ തുടർന്നാണ് പേരുമാറ്റം എല്ലാ തലങ്ങളിലും പൂർണമായി നടപ്പാക്കാനും പൊതുജനങ്ങൾക്കിടയിലും പുതിയ പേര് പ്രചരിപ്പിക്കാനും ആവശ്യമായ ഭരണപരമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *