വിദേശ മലയാളി സംരംഭകൻ ഉൾപ്പെടുന്ന കൺസോർഷ്യം ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ വാങ്ങാൻ ധാരണയിലെത്തിയതായി സൂചന. 120 കോടിയോളം രൂപയാണു ബ്ലാസ്റ്റേഴ്സിനു വിലയിട്ടതെന്നാണു വിവരം. ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ നടപടികളുണ്ടാകും.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ
ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചിരുന്നു.കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്ടമാണു ക്ലബ് നേരിട്ടത്.ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്നം ആവശ്യപ്പെട്ടിരുന്നതെങ്കിലും
അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല .ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്സിൽ ചെയർമാൻ നിഖിൽ ബി. നിമ്മഗദ്ദയ്ക്കും തെലുങ്കു സൂപ്പർസ്റ്റാർ ചിരഞ്ജീവി ഉൾപ്പെടെയുള്ളവർക്കും ഓഹരിയുണ്ട്. വിൽപന നടന്നാൽ ടീം ഉടമകളിൽ ഒരു മലയാളി കൂടിയുണ്ടാകുമെന്നതാണു പുതുമ. 12 വർഷം മുൻപാണു ക്ലബ് രൂപീകരിച്ചത്.

