Breaking
Fri. Aug 7th, 2026

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് അച്ചന്‍കോവില്‍, മണിമല നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പെരിങ്ങല്‍ കുത്തില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. മംഗലം ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോല്‍ഫിന്‍ ചുഴലിക്കാറ്റിന്റെയും കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടേയും സ്വാധീനഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Related Post

Leave a Reply

Your email address will not be published. Required fields are marked *