Breaking
Thu. Sep 17th, 2026

മീൻപിടിത്ത മേഖലയ്ക്കും ഭീഷണിയായി എൽനിനോ; മത്തി, അയല എന്നിവയുടെ ലഭ്യതയും വലുപ്പവും കുറയുമെന്ന് പഠനം

ശക്തി പ്രാപിക്കുന്ന എൽനിനോ പ്രതിഭാസം കേരളത്തിന്റെ മീൻപിടിത്ത മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. വരുംമാസങ്ങളിൽ അറബിക്കടലിലെ ചൂട് വർധിക്കാനും മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയിലും വലുപ്പത്തിലും കുറവുണ്ടാകാനും സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഈമാസം 12ന് സമുദ്ര സ്ഥിതിവിവര നിരീക്ഷണ കേന്ദ്രം നടത്തിയ പഠനത്തിൽ, കേരള തീരത്തിന്റെ 70.81% പ്രദേശത്തും മിതമായ തോതിലുള്ള കടൽച്ചൂട് രേഖപ്പെടുത്തി യിട്ടുണ്ട്. ലക്ഷദ്വീപ് തീരം മിതമായതു മുതൽ അതിതീവ്രമായതുവരെയുള്ള കടൽച്ചൂടിന്റെ പിടിയിലാണ്. എൽനിനോയുടെ തുടർച്ചയായ സ്വാധീനത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനില സാധാരണയെക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു കേരള തീരത്തും ചൂടു വർധിപ്പിക്കും. കടലിലെ ചൂട് വർധിക്കുന്നത് മത്സ്യങ്ങളുടെ ആവാസ മേഖല, സഞ്ചാരപാത, ഭക്ഷ്യലഭ്യത എന്നിവയിൽ മാറ്റമുണ്ടാക്കുന്നുണ്ട്.എൽനിനോയുടെ ഭാഗമായി സമുദ്രത്തിലെ ചൂടു കൂടുന്നതോടെ, ആഴക്കടലിൽനിന്നു പോഷകസമൃദ്ധമായ ജലം ഉപരിതലത്തിലേക്ക് ഉയരുന്ന സ്വാഭാവിക പ്രക്രിയ ദുർബലമാകും. ഇതോടെ സൂക്ഷ്മ സസ്യ ങ്ങളുടെ വളർച്ച കുറയുകയും കടലിലെ ഭക്ഷ്യശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആഴക്കടൽ ജലം ഉപരിതലത്തിലേക്ക് ഉയരുന്ന പ്രക്രിയ ദുർബലമായതിന്റെ സൂചനകൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ കണ്ടുതുടങ്ങി. എൽനിനോ അടുത്തവർഷം ഫെബ്രുവരി വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *