തിരുനാവായ: നാലുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സഹപാഠി സൗഹൃദത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ വൈവിധ്യവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനായി നവാമുകുന്ദ ഹൈസ്കൂൾ 1987 എസ്.എസ്.സി അലുംനി അസോസിയേഷൻ പ്രതിനിധികൾ ഒരു മാസം നീളുന്ന “ദേശീയോൽഗ്രഥന സന്ദേശ യാത്ര” പുറപ്പെട്ടു. അസോസിയേഷൻ ജനറൽ കൺവീനറും മേഴത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സംസ്‌കൃതം അധ്യാപകനും ട്രെയിനറും എഴുത്തുകാരനുമായ വൈരങ്കോട് സ്വദേശി കുത്തുബുദ്ധീൻ അമരിയിൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും ഖത്തറിലെ വ്യവസായിയുമായ കാരത്തൂർ സ്വദേശി യഹ് ഖൂബ് എന്ന യാഹുട്ടി എന്നിവരാണ് റോഡ് മാർഗം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ദേശീയോദ്ഗ്രഥന യാത്രയ്ക്ക് പുറപ്പെട്ടത്.ചരിത്ര പ്രധാന സ്ഥലങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, പ്രകൃതി വിസ്മയങ്ങൾ എന്നിവ സന്ദർശിക്കുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിലെ ജനങ്ങളുമായി സൗഹൃദം പങ്കിടുകയും അവരുടെ ജീവിതരീതികളും സംസ്കാരവും നേരിൽ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി; വ്യത്യസ്തതകൾക്കിടയിലും മനുഷ്യരെ ഒന്നിപ്പിക്കുന്നത് സൗഹൃദവും സഹോദരത്വവുമാണ് എന്ന സന്ദേശമാണ് യാത്ര ഉയർത്തിപ്പിടിക്കുന്നത് എന്ന് ദേശീയോൽഗ്രഥന യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്ത് വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. അസോസിയേഷൻ കോർഡിനേറ്റർ നസീർ മോൻ കെ.എം, തിരുനാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫ, തിരുനാവായ പഞ്ചായത്ത് മെമ്പർ കെ.സത്യനാഥൻ എന്നിവർ യാത്രയയക്കൽ ചടങ്ങിൽ സംബന്ധിച്ചു.

