പെരുമ്പടപ്പ്: ഞാറുനടാൻ പാകത്തിൽ പാടം ഉഴുതുമറിച്ചിട്ടും കൃഷിപ്പണികൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ എടമ്പാടം കോൾപടവിലെ കർഷകർ. കൃഷിയുടെ ആദ്യഘട്ടത്തിൽ ആവശ്യമായ കുമ്മായം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഏകദേശം 80 കർഷകരാണ് എടമ്പാടം കോൾപടവിൽ കൃഷിയിറക്കുന്നത്. ഒരേക്കറിന് 250 കിലോ കുമ്മായം ആവശ്യമാണ്. എന്നാൽ ഇത്തവണ കൃഷിവകുപ്പിൽനിന്നോ പഞ്ചായത്തിൽനിന്നോ കുമ്മായം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ യോഗത്തിൽ കുമ്മായം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.
മണ്ണിലെ അമ്ലത്വം കൂടുതലായതിനാൽ കുമ്മായം ചേർക്കാതെ കൃഷി ആരംഭിക്കുന്നത് പ്രയാസകരമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഒരേക്കറിന് ആവശ്യമായ കുമ്മായം സ്വന്തം ചെലവിൽ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഇവർ പറയുന്നു.
എടമ്പാടം കോൾപടവിൽ മാത്രമല്ല, പൊന്നാനി കോൾ മേഖലയിലെ മറ്റു പാടശേഖരങ്ങളിലും കർഷകർ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷി സമയബന്ധിതമായി ആരംഭിക്കാൻ ആവശ്യമായ കുമ്മായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

