പൊന്നാനി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 64-ാമത് സംസ്ഥാന സമ്മേളനം 2027 മേയ് 7 മുതൽ 9 വരെ പൊന്നാനി എം.ഇ.എസ്. കോളേജിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ശാസ്ത്രനേട്ടങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുമ്പോഴും ശാസ്ത്രബോധത്തെ അകറ്റിനിർത്തുന്ന സമീപനമാണ് ഭരണകൂടത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ. വിലാസിനി, പി. രമേഷ് കുമാർ, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രമോദ്, ജില്ലാ സെക്രട്ടറി രാജലക്ഷ്മി, പ്രൊഫ. എം.എം. നാരായണൻ, പി.കെ. ഖലീമുദ്ധീൻ, ഇ. സിന്ധു, പി. ജ്യോതിഭാസ്, സി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി. മനോജ് കുമാർ സ്വാഗതവും ഡോ. വി.കെ. ബ്രിജേഷ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ:
– ചെയർമാൻ: പ്രൊഫ. എം.എം. നാരായണൻ
– ജനറൽ കൺവീനർ: ഡോ. വി.കെ. ബ്രിജേഷ്
– ട്രഷറർ: അഡ്വ. കെ. വിജയൻ
സമ്മേളനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ
‘ശാസ്ത്രബോധം, മതനിരപേക്ഷത, നല്ല നാളെ’ എന്ന മുദ്രാവാക്യവുമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. മലപ്പുറം മണ്ണും മനസ്സും, കാലാവസ്ഥാ മാറ്റത്തെ അറിയുക, ശാസ്ത്രാവബോധ ദേശീയ സെമിനാർ, സയൻസ് ഫെസ്റ്റ് 2.0, കുടുംബസംഗമങ്ങൾ, ശാസ്ത്ര സാംസ്കാരികോത്സവങ്ങൾ, ശാസ്ത്രാടനം, ജ്യോതിശാസ്ത്ര മാമാങ്കം, ശാസ്ത്രവണ്ടി, സ്വാശ്രയ ഭവനം–ഹരിത ഭവനം, ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പരിശീലനം, മേഖലാതല സെമിനാറുകൾ, ശാസ്ത്രപുസ്തക പ്രചാരണം എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

