ചേർത്തല: മരണാനന്തര അടിയന്തരദിനത്തിലെ ഭക്ഷണത്തിനൊപ്പം ബീഫ് വിളമ്പിയില്ലെന്ന കാരണത്താൽ വയോധികനെ മർദിച്ച് പല്ലുകൾ തകർത്ത കേസിലെ പ്രതിയെ ചേർത്തല പൊലീസ് തൃശൂരിൽനിന്ന് പിടികൂടി.
പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ താമസിക്കുന്ന ശ്യാംകുമാർ എന്ന ചക്രൻ ശ്യാം (41) ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു സംഭവം.
അടിയന്തരദിനത്തിലെ അത്താഴത്തിന് കോഴിക്കറി വിളമ്പിയപ്പോൾ പ്രതി ബീഫ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിനുശേഷം നാടുവിട്ട പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തൃശൂർ ജില്ലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ശ്യാംകുമാറെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ബജിത്ത്, സുനിൽകുമാർ എന്നിവരും ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

