Breaking
Tue. Nov 17th, 2026

പൊന്നാനി കോൾ: കുമ്മായ വിതരണം വൈകുന്നതിലും കാർഷിക കലണ്ടർ അവഗണിക്കുന്നതിലും പ്രതിഷേധം.

എരമംഗലം: പൊന്നാനി കോൾ മേഖലയിലെ വെള്ളക്കെട്ടിനും കുമ്മായ വിതരണത്തിലെ കാലതാമസത്തിനും പരിഹാരം കാണുന്നതിനായി പെരുമ്പടപ്പിൽ ചേർന്ന യോഗത്തിൽ കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധമുയർത്തി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ. ജയാനന്ദൻ എന്നിവർ കൃഷി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി.

നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയിട്ടും കുമ്മായ വിതരണം ആരംഭിക്കാത്തതും കാർഷിക കലണ്ടർ പ്രകാരമുള്ള പമ്പിങ് സംവിധാനം നടപ്പാക്കാത്തതുമാണ് പ്രധാന വിമർശനങ്ങൾക്ക് ഇടയാക്കിയത്. എല്ലാ പാടശേഖരങ്ങളിലും ഒരേസമയം പമ്പിങ് നടത്തുന്നതോടെ നൂറടിത്തോട്ടിലും ബിയ്യം റെഗുലേറ്ററിലും ജലനിരപ്പ് ഉയരുകയും പുഞ്ചക്കൃഷിക്കായി സംഭരിക്കേണ്ട വെള്ളം പുഴയിലേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ബണ്ടും റോഡും വെള്ളക്കെട്ടിലാകുന്ന സാഹചര്യവും കർഷകർ ഉന്നയിച്ചു.

കൃഷി ഇറക്കുന്നതിന് മുന്നോടിയായി കൃഷിവകുപ്പ് പാടശേഖര പ്രതിനിധികളുടെ യോഗം വിളിക്കാത്തതിലും പ്രതിഷേധമുയർന്നു.

കോൾ മേഖലയിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ബിയ്യം ഷട്ടർ അടച്ച് കൂടുതൽ ജലം സംഭരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തുകൾ വഴി കുമ്മായം വേഗത്തിൽ വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉറപ്പുനൽകി.

വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാറഞ്ചേരിയിലെ താഴ്ന്ന പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്തും പെരുമ്പടപ്പ് എ.ഡി.എ കെ. വൃന്ദയും സന്ദർശിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *